ജപ്പാനിൽ വൻ ഡിജിറ്റൽ കവർച്ച; ഹാക്ക് ചെയ്തത് 60 ദശലക്ഷം ഡോളർ

പ്രതീകാത്മക ചിത്രം.

ടോക്കിയോ∙ ജപ്പാനിൽ വൻ ഡിജിറ്റൽ കറൻസി കവർച്ച; നഷ്ടപ്പെട്ടത് 60 ദശലക്ഷം ഡോളർ. ഒസാക കേന്ദ്രീകരിച്ചുള്ള ടെക് ബ്യൂറോയുടെ സെർവർ ഹാക്ക് ചെയ്താണു ഡിജിറ്റൽ കറൻസി മോഷ്ടിച്ചത്. ഡിജിറ്റൽ കറൻസി എക്സ്ചേഞ്ചായ ‘സെയ്ഫി’ന്റെ സാങ്കേതിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതു ടെക് ബ്യൂറോ ആണ്.

Read Also: 20 കോടി രൂപയുടെ ബിറ്റ്കോയിൻ കവർന്നു; ഇന്ത്യയിലെ ഏറ്റവും വലിയ മോഷണം...

‘അനധികൃതമായി ഹാക്കർമാർ സെർവറിൽ കയറിയതിനെക്കുറിച്ചു പ്രതികരിക്കാനില്ല. അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. അന്വേഷണം തുടങ്ങി’– ടെക് ബ്യൂറോ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഡിജിറ്റൽ കറൻസികളായ ബിറ്റ്കോയിൻ, മോനകോയിൻ, ബിറ്റ്കോയിൻ കാഷ് എന്നിവയാണു മോഷണം പോയതെന്നും ടെക് ബ്യൂറോ വ്യക്തമാക്കി.

ഡിജിറ്റൽ കറൻസിയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ജപ്പാനിൽ‌ അരലക്ഷത്തിലധികം സ്ഥാപനങ്ങളിൽ ബിറ്റ്കോയിൻ ഇടപാടുണ്ട്.