സിപിഎമ്മിന്റെ ബ്രാഞ്ച് ഭാരവാഹികളടക്കം വരാൻ തയാറാണ്: പി.എസ്.ശ്രീധരൻ പിള്ള

പി.എസ്.ശ്രീധരൻപിള്ള

തൃശൂർ ∙ കെപിസിസിയുടെ പുതിയ ഭാരവാഹി പട്ടിക അവരുടെ ദൗർബല്യമാണു കാണിക്കുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. വാർത്തയറിഞ്ഞ കണ്ണൂരിലെ ഒരു നേതാവ് ഫോൺ വലിച്ചെറിഞ്ഞതായാണു മനസ്സിലാക്കുന്നത്. ഈ നേതാവിനെയടക്കം ആരെയും ബിജെപി സ്വാഗതം ചെയ്യും. ബിജെപി ക്ഷണിച്ചാൽ സിപിഎമ്മിന്റെ ബ്രാഞ്ച് ഭാരവാഹികളടക്കം വരാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

ആരുടെയും പേരെടുത്തു പറഞ്ഞു വിവാദമുണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ല. ആരെയെങ്കിലും പ്രത്യേകമായി ബിജെപി നോട്ടമിട്ടിട്ടില്ല. ജനപക്ഷത്താണു ബിജെപിയുടെ നോട്ടം. ജനകീയ നേതാക്കളില്ലാഞ്ഞിട്ടല്ല മറ്റു നേതാക്കളെ സ്വാഗതം ചെയ്യുന്നത്. അതു ബിജെപിയുടെ മനസ്സിന്റെ വലുപ്പമാണു കാണിക്കുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

നിയമസഭയിൽ രണ്ടു ലക്ഷത്തിലധികം വോട്ട‌ു കിട്ടിയ പാർലമെന്റ് മണ്ഡലങ്ങൾ പ്രത്യേകമായി ശ്രദ്ധ ചെലുത്തിയായിരിക്കും പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ. തൃശൂരിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിന് 2,05,000 വോട്ട് കിട്ടി. തോൽക്കുമെന്നറിഞ്ഞിട്ടും ബിജെപിക്ക് അന്ന് അത്രയും പേർ വോട്ട് ചെയ്തെങ്കിൽ ഇനി വരുന്ന തിരഞ്ഞെടുപ്പിൽ സ്ഥിതി മാറും. ജയിക്കാൻ പോന്ന പാർട്ടിയാണു ബിജെപി എന്ന ബോധ്യം എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.