പൊലീസ് വ്യാജമൊഴി എഴുതി വാങ്ങി; ബിഷപ്പിനെ പിന്തുണച്ച് വീണ്ടും പി.സി.ജോർജ്

കോട്ടയം പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ കന്യാസ്ത്രീയും ബിഷപ്പും ഒന്നിച്ചുള്ള ദൃശ്യങ്ങളുണ്ടെന്ന് അവകാശപ്പെട്ടു പി.സി.ജോർജ് എംഎൽഎ സിഡി ഉയർത്തിക്കാട്ടുന്നു.

കോട്ടയം∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൃത്രിമമായി തെളിവുണ്ടാക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് പി.സി.ജോർജ് എംഎൽഎ. കോട്ടയം പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പി.സി.ജോർജ് ആക്ഷേപമുന്നയിച്ചത്. പീഡനം നടന്നുവെന്നു പരാതിയിൽ പറയുന്നതിന്റെ പിറ്റേദിവസം കന്യാസ്ത്രീയുടെ ബന്ധുവിന്റെ വീട്ടിലെ ചടങ്ങിൽ കന്യാസ്ത്രീയും ബിഷപ്പും സന്തോഷത്തോടെ ഒരുമിച്ചിരിക്കുന്ന ആറു ചിത്രങ്ങളും വിഡിയോയും തന്റെ പക്കലുണ്ടെന്നു പി.സി.ജോർജ് പറഞ്ഞു.

ചിത്രങ്ങൾ മാധ്യമ പ്രവർത്തകരെ ഉയർത്തിക്കാണിക്കുകയും ചെയ്തു. ചടങ്ങിന്റെ ദൃശ്യങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫറിൽനിന്നു കന്യാസ്ത്രീ ദുഃഖിതയായി ഇരിക്കുന്നതു കണ്ടുവെന്ന വ്യാജമൊഴി പൊലീസ് എഴുതി വാങ്ങിയെന്നും പി.സി.ജോർജ് ആരോപിച്ചു.