സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഒരുപോലെയല്ല, പണം നല്‍കാന്‍ നിര്‍ബന്ധിക്കില്ല: തോമസ് ഐസക്

തോമസ് ഐസക്ക്

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ പെന്‍ഷന്‍കാരില്‍ നിര്‍ബന്ധം ചെലുത്തില്ലെന്നു ധനമന്ത്രി ടി.എം. തോമസ് ഐസക്. പെന്‍ഷന്‍കാരുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സമ്മതപത്രമില്ലാതെ പെന്‍ഷന്‍കാരില്‍നിന്ന് പണം പിടിക്കില്ല. സര്‍ക്കാരിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് നിരവധി പെന്‍ഷന്‍കാര്‍ പണം തരാന്‍ സന്നദ്ധത അറിയിച്ചിരുന്നു.

അതനുസരിച്ച് ട്രഷറി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കുന്നതിനായി വകുപ്പിനകത്താണ് ട്രഷറി ഡയറക്ടറുടെ സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. മാനദണ്ഡങ്ങള്‍ വ്യക്തമാക്കി വിശദമായ ഉത്തരവ് ഇറങ്ങുന്നതുവരെ ആ സര്‍ക്കുലര്‍ നിലനില്‍ക്കും. സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ തുടരും. നിലവിലുള്ള സര്‍ക്കുലറില്‍നിന്ന് എന്തൊക്കെ വ്യത്യാസം വേണമെന്ന് പിന്നീട് തീരുമാനിക്കും. സര്‍ക്കാര്‍ ജീവനക്കാരെയും പെന്‍ഷന്‍കാരെയും സര്‍ക്കാര്‍ ഒരുപോലെ കാണില്ലെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാരിന്റെ സാലറി ചലഞ്ചിന് ജീവനക്കാരില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എയ്ഡഡ് സ്കൂള്‍ ജീവനക്കാരാണ് അധികം സഹകരിക്കാതിരുന്നത്. ഇന്ന് വിസമ്മത പത്രം നല്‍കാത്ത എല്ലാ ജീവനക്കാരില്‍നിന്നും ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് പിടിക്കും. പ്രവാസി ചിട്ടി രണ്ടാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കും. 10,000 പേര്‍ ചിട്ടിയില്‍ ചേരാന്‍ തയാറായിട്ടുണ്ട്. കിഫ്ബി പദ്ധതികളില്‍ മാറ്റം വരുത്തില്ലെന്നും രണ്ടായിരത്തോളം കോടിരൂപയുടെ പദ്ധതികള്‍ ടെണ്ടര്‍ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.