കെഎസ്ആർടിസിയിലെ സമര നിരോധന വിധി ഐതിഹാസികം: തച്ചങ്കരി

കെഎസ്ആർടിസി എംഡി ടോമിൻ ജെ.തച്ചങ്കരി

തിരുവനന്തപുരം ∙ സർക്കാരിന്റെയും മാനേജ്മെന്റിന്റെയും നടപടികൾക്കുള്ള അംഗീകാരമാണു കെഎസ്ആർടിസിയിലെ സമരം വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയെന്ന് എംഡി ടോമിൻ ജെ.തച്ചങ്കരി. വിധി ഐതിഹാസികമാണ്. സമരം ആരംഭിക്കുന്നതിനു മുൻപുതന്നെ വിലക്കിയതു സമൂഹത്തിൽ പുതിയ തൊഴിൽ സംസ്കാരത്തിനു വഴിയൊരുക്കുമെന്നും തച്ചങ്കരി പറഞ്ഞു.

മാനേജ്മെന്റിനെതിരെയുള്ള പ്രതിഷേധത്തിന്റെ പേരിൽ ജനങ്ങളെ ദ്രോഹിക്കാൻ പാടില്ല. മാനേജ്മെന്റ് തൊഴിലാളി വിരുദ്ധരല്ല. പ്രളയദുരിതത്തിൽനിന്നു കരകയറുന്ന വേളയിൽ സമരം നടത്തുന്നതു സാമൂഹികബോധമുള്ള തൊഴിലാളി കൂട്ടായ്മകൾ അംഗീകരിക്കില്ല. ജീവനക്കാർക്കുള്ള ആനുകൂല്യം വർധിപ്പിക്കണമെന്നുണ്ടെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ കഴിയില്ല. പരാതികൾ പരിഹരിക്കാൻ ചർച്ചയ്ക്കു തയാറാണ്. ചില തെറ്റായ കാര്യങ്ങളിൽനിന്നു പിന്മാറേണ്ട കാലമായെന്നു യൂണിയനുകൾ മനസിലാക്കണമെന്നും തച്ചങ്കരി പറഞ്ഞു.