'അനുമതിയെന്നാൽ ലൈസന്‍സല്ല'; ബ്രൂവറിയിൽ നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍

ടി.പി. രാമകൃഷ്ണൻ

കോഴിക്കോട്∙ ബ്രൂവറി വിവാദത്തില്‍ നിലപാടു മയപ്പെടുത്തി സര്‍ക്കാര്‍. അനുമതി നല്‍കിയെന്നാല്‍ മദ്യനിര്‍മാണകേന്ദ്രം തുടങ്ങാനുള്ള ലൈസന്‍സ് നല്‍കിയെന്നല്ല അര്‍ഥമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ബ്രൂവറിക്കെതിരെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ ഉന്നയിച്ച ആശങ്കകള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോപണവിധേയമായ നാലു സ്ഥാപനങ്ങളുടെയും അപേക്ഷ പരിശോധന ഘട്ടത്തിലാണ്. ഭുഗര്‍ഭജലത്തിന്റെ സാധ്യത ഉള്‍പ്പെടെ പരിശോധിച്ചശേഷമേ ലൈസന്‍സ് നല്‍കുന്ന കാര്യം തീരുമാനിക്കുകയുള്ളു. സര്‍ക്കാരിനു ഇക്കാര്യത്തില്‍ യാതൊരു ആശങ്കയുമില്ലെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

Read more at: ബീയർ കമ്പനിക്കു വേണ്ടത് പ്രതിദിനം 3 ലക്ഷം ലീറ്റർ വെള്ളം; നോട്ടം മലമ്പുഴയിലേക്കോ?

നയത്തിൽ മാറ്റമില്ലാത്തതിനാൽ ബ്രൂവറികൾക്കും ഡിസ്റ്റിലറിക്കും അനുമതി നൽകിയത് മന്ത്രിസഭാ യോഗത്തില്‍ ചർച്ച ചെയ്തില്ലെന്നു മന്ത്രി എ.കെ.ബാലൻ പറഞ്ഞു. നിലവിലുള്ള ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് അനുമതികൾ നൽകിയത്. ജനങ്ങളെ തെറ്റിധരിപ്പിക്കാൻ പ്രതിപക്ഷ നേതാവ് സമർഥനാണ്. പുറമേനിന്നു മദ്യം കൊണ്ടുവരുന്നവർ വിവാദങ്ങൾക്കു പിന്നിലുണ്ടോയെന്നു പരിശോധിക്കണം. കിൻഫ്രയിൽ വ്യവസായം നടത്താൻ ഭൂമി അനുവദിക്കുന്നതു സാധാരണ നടപടിക്രമമാണെന്നും എ.കെ. ബാലൻ കണ്ണൂരിൽ പറഞ്ഞു.