കോൺഗ്രസ് നേതാക്കൾക്ക് സിബിഐ, ഇഡി പേടി; സഖ്യത്തിന് ഇല്ലെന്നും മായാവതി

മായാവതിയും സോണിയ ഗാന്ധിയും സൗഹൃദം പങ്കിടുന്നു. രാഹുൽ ഗാന്ധി സമീപം (ഫയൽ ചിത്രം)

ലക്നൗ∙ അടുത്തവർഷം പൊതുതിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ മഹാസഖ്യത്തിനു തയാറെടുക്കുന്ന കോൺഗ്രസിന്റെ മോഹങ്ങൾക്കു തിരിച്ചടിയായി, അവരെ ആക്രമിച്ച് ബിഎസ്പി. പല കോൺഗ്രസ് നേതാക്കൾക്കും സഖ്യം വേണ്ടെന്നാണു നിലപാടെന്നു ബിഎസ്പി നേതാവ് മായാവതി തുറന്നടിച്ചു. പൊതുതിരഞ്ഞെടുപ്പിൽ നിർണായകമായ ദലിത് വോട്ടുബാങ്ക് ലക്ഷ്യമിട്ടാണു മായാവതിയെ ഒപ്പംചേർക്കാൻ കോൺഗ്രസ് ശ്രമിച്ചത്.

‘കോൺഗ്രസ് ആന്തരികമായി മാറിയിട്ടില്ല. ജാതീയ, സമുദായിക മുൻഗണനകളാണ് ഇപ്പോഴുമുള്ളത്. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും സഖ്യം വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാൽ ചില നേതാക്കൾ ബിഎസ്പിയുടെ സാന്നിധ്യം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. ബിജെപിയേക്കാൾ സഖ്യകക്ഷികളെ പരാജയപ്പെടുത്താനാണു കോൺഗ്രസിന്റെ ശ്രമം’– മായാവതി ആരോപിച്ചു.

മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഹകരിക്കില്ല. ഒറ്റയ്ക്കോ പ്രദേശിക പാർട്ടികളുമായി ചേർന്നോ പോരാടും. ഒരു തരത്തിലും കോൺഗ്രസുമായി ഒത്തുപോകാനാകില്ല. അഴിമതി നിറഞ്ഞ കോൺഗ്രസ് ഭരണം മറക്കാൻ ജനങ്ങൾ തയാറല്ല. പല കോൺഗ്രസ് നേതാക്കൾക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സിബിഐ ഏജൻസികളെ പേടിയാണ്. കോൺഗ്രസ് നേതാവ് ദിഗ്‌‌വിജയ് സിങ്ങിനു സിബിഐയെ ഭയമാണ്. അദ്ദേഹം ബിജെപി ഏജന്റാണ്. നിയമസഭയിൽ മാത്രമല്ല ലോക്സഭയിലും കോൺഗ്രസുമായി ബിഎസ്പി സഖ്യത്തിനില്ല– മായാവതി പറഞ്ഞു.

ഛത്തീസ്ഗഡിലും മധ്യപ്രദേശിലും കോൺഗ്രസുമായുള്ള കൂട്ട് ഉപേക്ഷിച്ചെന്ന സൂചന മായാവതി നേരത്തേയും നൽകിയിരുന്നു. ഛത്തീസ്ഗഡിൽ കോൺഗ്രസ് വിമതനേതാവ് അജിത് ജോഗിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയ മായാവതി, മധ്യപ്രദേശിൽ ഏതാനും സീറ്റുകളിൽ ബിഎസ്പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മധ്യപ്രദേശിൽ 230 സീറ്റിലും ഒറ്റയ്ക്കു മത്സരിക്കാനാണു തീരുമാനം. ഛത്തീസ്ഗഡിൽ 35 സീറ്റിൽ ബിഎസ്പിയും 55 സീറ്റിൽ അജിത് ജോഗിയുടെ ജെസിസിയും മത്സരിക്കും.