കൂട്ടിയ ഇന്ധന നികുതി കേന്ദ്രം കുറയ്ക്കട്ടെ; കേരളം ഇളവു ചെയ്യില്ല: തോമസ് ഐസക്

ധനമന്ത്രി തോമസ് ഐസക്

ആലപ്പുഴ ∙ സംസ്ഥാനങ്ങൾ ഇന്ധനനികുതി കുറയ്ക്കണമെന്ന കേന്ദ്രനിർദേശം ധനമന്ത്രി തോമസ് ഐസക് തള്ളി. കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്നു തോമസ് ഐസക് പറഞ്ഞു. കേന്ദ്രം 9 രൂപയോളം നികുതി കൂട്ടിയിട്ടാണ് ഇപ്പോൾ 1.50 രൂപ കുറച്ചത്. കേന്ദ്രസർക്കാർ കൂട്ടിയ നികുതികൾ പൂർണമായും കുറയ്ക്കട്ടെ. എന്നിട്ട് ആവശ്യപ്പെട്ടാൽ സംസ്ഥാനവും കുറയ്ക്കാൻ തയാറാകാം– മന്ത്രി പറഞ്ഞു.

ഇന്ധന വില കേന്ദ്ര സർക്കാർ അധികാരമേറ്റ സമയത്തെ വിലയിലെത്തിക്കണം. കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചിട്ടുള്ള നിർദേശം പരിശോധിക്കും. ജയ്റ്റ്ലി പറയുന്നതിൽ എന്തു ന്യായമാണുള്ളത്. കേരള സര്‍ക്കാർ ഇതിനുമുൻപ് നികുതി കുറച്ചിരുന്നു. ജയ്റ്റ്ലിയാണു ഇന്ധനനികുതി കൂട്ടിയത്. അതു കുറച്ചിട്ടു സംസ്ഥാനങ്ങളോടു സംസാരിക്കാൻ വന്നാൽ മതിയെന്നും തോമസ് ഐസക് വ്യക്തമാക്കി.

രാജസ്ഥാൻ, മധ്യപ്രദേശ് തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് ഇപ്പോൾ ഇന്ധന വില കുറച്ചത്. വില നിയന്ത്രിക്കാൻ കേന്ദ്രത്തിന് അധികാരമില്ലെന്നു പറയുന്നതു തെറ്റാണ്. കർണാടക തിരഞ്ഞെടുപ്പു സമയത്തു വില കൂടാതെ  കേന്ദ്രം നോക്കി. ബിജെപി സർക്കാർ വന്ന ശേഷം പെട്രോളിന് ഒൻപതു രൂപയും ഡീസലിനു 14 രൂപയും നികുതി കൂട്ടി. ഇപ്പോൾ സർക്കാർ കുറച്ചത് 1.5 രൂപ മാത്രമാണ്. ഒരു രൂപ കുറച്ചത് എണ്ണക്കമ്പനികളാണെന്നും ഐസക് പറഞ്ഞു.

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വ്യാഴാഴ്ചയാണു കേന്ദ്രം കുറച്ചത്. സംസ്ഥാനങ്ങളും ലീറ്ററിനു 2.50 രൂപ കുറയ്ക്കണമെന്നും കേന്ദ്ര നികുതിയിൽ കുറവുണ്ടാകില്ലെന്നും കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു.