ബിജെപി പറയുന്നതാണു ശരിയെങ്കിൽ കേന്ദ്രം നിയമം നിർമിക്കാത്തതെന്ത്: യച്ചൂരി

സീതാറാം യച്ചൂരി

ന്യൂഡൽഹി∙ ശബരിമല വിഷയത്തിൽ ബിജെപി പറയുന്നതാണു ശരിയെങ്കിൽ കോടതിവിധി മറികടക്കാൻ കേന്ദ്ര സർക്കാർ എന്തുകൊണ്ടു നിയമനിർമാണം നടത്തുന്നില്ലെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുക മാത്രമാണു ബിജെപിയുടെ ലക്ഷ്യമെന്നും യച്ചൂരി ആരോപിച്ചു. സ്ത്രീകളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണു സുപ്രീംകോടതി വിധി. ആർഎസ്എസിനെ സഹായിക്കാനാണു കോൺഗ്രസ് തെരുവിലിറങ്ങിയിട്ടുള്ളതെന്നും സിപിഎം അഭിപ്രായപ്പെട്ടു.

ദേശീയതലത്തിൽ ബിജെപിക്കെതിരെ വിശാലസഖ്യം സാധ്യമല്ല. ഹൈദരാബാദ് പാർട്ടി കോൺഗ്രസ് തീരുമാനമനുസരിച്ച് കോൺഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാൻ കഴിയില്ലെന്നു യച്ചൂരി വ്യക്തമാക്കി. ബിജെപിയെ തോൽപ്പിക്കുകയാണു മുഖ്യലക്ഷ്യം. മധ്യപ്രദേശിലും രാജസ്ഥാനിലും പാർട്ടി മത്സരിക്കാത്ത സീറ്റുകളിൽ ബിജെപിയെ തോൽപ്പിക്കാൻ വോട്ടുചെയ്യും. തെലങ്കാനയിൽ ബഹുജന ഇടതു മുന്നണിയുടെ ഭാഗമാകുമെന്നും യച്ചൂരി പറഞ്ഞു.

ഇതിനിടെ, ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർക്കാരിനെതിരായ സമരങ്ങളെ പ്രതിരോധിക്കാൻ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ സിപിഎം തയാറെടുക്കുന്നു. പത്തനംതിട്ടയിൽ വനിതകളുടെ മാർച്ച് സംഘടിപ്പിക്കാനാണു ശ്രമം. കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതികളിലെ വനിതകളെ പരമാവധി രംഗത്തിറക്കാൻ സിപിഎം ഭരിക്കുന്ന പഞ്ചായത്തിലെ അംഗങ്ങൾക്കു കർശന നിർദേശം നൽകി. പ്രകടനത്തിൽ പി.കെ.ശ്രീമതി എംപി പങ്കെടുക്കുമെന്നാണു വിവരം.