ഉണ്ണികൃഷ്ണൻ സർക്കാരിന്റെ ‘കണ്ണിലുണ്ണി’ തന്നെ: വ്യാജരേഖ വിവാദത്തിൽ നടപടിയില്ല

തിരുവനന്തപുരം∙ വ്യാജരേഖ ചമച്ചു ജോലി സ്വന്തമാക്കിയ സംഭവത്തിൽ സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണൻ നായരുടെ മകൻ ഉണ്ണികൃഷ്ണനെതിരെ നടപടിയില്ല. ഉണ്ണികൃഷ്ണനെതിരെയുള്ളത് ഏത് റിപ്പോർട്ടെന്നു മന്ത്രി ഇ.പി. ജയരാജൻ പ്രതികരിച്ചു. അന്വേഷണം വേണ്ടത് ജേക്കബ് തോമസിന് എതിരെയാണെന്നും മന്ത്രി പ്രതികരിച്ചു. ബന്ധുനിയമനത്തിൽ 16 പേര്‍ക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചിരുന്നത് ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരുന്ന കാലത്തായിരുന്നു.

കിൻഫ്ര പ്രോജക്ട്സ് മാനേജരാണ് കോലിയക്കോടിന്റെ മകൻ ടി. ഉണ്ണികൃഷ്ണൻ. 2016ലാണ് ഉണ്ണികൃഷ്ണൻ, ആനത്തലവട്ടം ആനന്ദന്റെ മകൻ എന്നിവർക്കെതിരെ വിജിലൻസ് റിപ്പോർട്ട് നൽകിയത്. ഉണ്ണികൃഷ്ണനെതിരെ ഗുരുതര കണ്ടെത്തലുകളാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ഇയാൾക്കെതിരെ വഞ്ചനയ്ക്കു കേസെടുക്കണമെന്ന് അന്വേഷണ സംഘം ശുപാർശ ചെയ്തിരുന്നു. വ്യാജരേഖയുണ്ടാക്കി സർക്കാരിനെയും കിൻഫ്രയെയും തെറ്റിദ്ധരിപ്പിച്ചു. നിയമനം റദ്ദാക്കി തടവുശിക്ഷയുൾപ്പെടെയുള്ള കുറ്റം ചുമത്തണമെന്നും വിജിലൻസ് ശുപാർശ ചെയ്തു. കിൻഫ്ര പാർക്കിൽ ബ്രൂവറിക്കു ചട്ടം ലംഘിച്ചു ഭൂമി നല്‍കിയതും ഉണ്ണികൃഷ്ണന്‍ തന്നെയാണെന്നും തെളിഞ്ഞിട്ടുണ്ട്. എന്നാൽ എന്ത് വിജിലൻസ് റിപ്പോർട്ടെന്നാണു മന്ത്രി ഇ.പി. ജയരാജൻ ഇതേക്കുറിച്ചു പ്രതികരിച്ചത്.

ബിടെക് പാസായത് 1996ൽ എന്ന് ഉണ്ണിക്കൃഷ്ണൻ എഴുതി നൽകിയ രേഖ

ബ്രൂവറി വിവാദത്തിൽ സ്ഥലം അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഉണ്ണികൃഷ്ണൻ കുടുങ്ങുന്നത്. എന്നാൽ സ്ഥലം ഉണ്ടെന്നു മാത്രമാണു താൻ അറിയിച്ചിട്ടുള്ളതെന്നാണ് ഉണ്ണികൃഷ്ണന്റെ നിലപാട്. ബ്രൂവറി– ഡിസിറ്റിലറി അനുമതികൾ നൽകാനുള്ള തീരുമാനം പാർട്ടിയോട് ആലോചിക്കാതെയാണു സർക്കാർ എടുത്തതെന്നു നേരത്തേ സിപിഎം വിമർശിച്ചിരുന്നു. എന്നാൽ പാർട്ടി നേതാവിന്റെ മകനെ തള്ളിപ്പറയാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ല.