2017 ൽ ഒരു നയം, 18ൽ വേറെ: ബ്രൂവറിയില്‍ സര്‍ക്കാരിന്‍റെ കള്ളക്കളി വീണ്ടും പുറത്ത്

തിരുവനന്തപുരം∙ ബ്രൂവറി അനുമതിയില്‍ സര്‍ക്കാരിന്റെ കള്ളക്കളികള്‍ വീണ്ടും പുറത്ത്. 2018 അബ്കാരിനയം ചൂണ്ടിക്കാട്ടി ബ്രൂവറിക്കുള്ള അപ്പോളോയുടെ അപേക്ഷ തള്ളിയ ഇടതു സര്‍ക്കാര്‍ 2018 ല്‍ നയം മാറ്റാതെ അനുമതി നല്‍കിയതിനു രേഖകള്‍. അപ്പോളോ ഡിസ്റ്റിലറീസ് മുഖ്യമന്ത്രിയെ നേരിട്ടു കണ്ടാണ് അപേക്ഷ സമര്‍പ്പിച്ചതെന്നു പ്രതിപക്ഷ നേതാവ് ആരോപണമുന്നയിച്ചിരുന്നു.

ബ്രൂവറി,ഡിസ്റ്റിലറി അനുമതിയില്‍ ചട്ടലംഘനമുണ്ടായിട്ടില്ലെന്നും വിവാദത്തിനു നിന്നുകൊടുക്കേണ്ടെന്നും കരുതിയാണ് അനുമതി പിന്‍വലിച്ചതെന്നു പറഞ്ഞ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതാണു പുതിയ തെളിവുകള്‍. 2016 ല്‍ ബ്രൂവറി അനുമതി ആവശ്യപ്പെട്ട് അപ്പോളോ നല്‍കിയ അപേക്ഷ വിശദ പരിശോധനയക്കു ശേഷമാണു സര്‍ക്കാര്‍ തള്ളിയത്. അഡീഷനല്‍ ചീഫ് സെക്രട്ടറി പി.മാരപാണ്ഡ്യനാണു നയം ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചത്. 

എന്നാല്‍ 2017 നവംബറില്‍ അപ്പോളോയുടെ അതേ അപേക്ഷ എക്സൈസ് കമ്മിഷണര്‍ സര്‍ക്കാരിനു കൈമാറി. 2018 ജൂണില്‍ ഉത്തരവായി ഇറങ്ങുകയും ചെയ്തു.  അപ്പോളോ ഡിസ്റ്റിലറീസ്, അപേക്ഷ മുഖ്യമന്ത്രിയെ നേരിട്ടുകണ്ടാണു നല്‍കിയതെന്നും, മുഖ്യമന്ത്രിയുടെ ഓഫിസാണ് എക്സൈസ് കമ്മിഷണര്‍ക്ക് അപേക്ഷ കൈമാറിയെതെന്നും പ്രതിപക്ഷ നേതാവ് ആരോപണമുന്നയിച്ചിരുന്നു. ജലക്ഷാമം നേരിടുന്ന പ്രദേശത്ത് അനുവദിച്ച ബ്രൂവറി ആദ്യമേ വിവാദത്തിലായിരുന്നു.