തിരുവനന്തപുരം ആർസിസിക്ക് ആദ്യ വനിതാ ഡയറക്ടർ; രേഖ നായര്‍ ചുമതലയേൽക്കും

രേഖ നായർ

തിരുവനന്തപുരം∙ തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്ററിലെ പത്തോളജി വിഭാഗം അഡീഷനല്‍ പ്രഫസറും ദേശീയ രക്താര്‍ബുദരോഗ നിര്‍ണയ വിദഗ്ധയുമായ ഡോ. രേഖ നായരെ ഡയറക്ടറായി നിയമിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കൊച്ചിന്‍ കാന്‍സര്‍ സെന്ററില്‍ നടന്ന അഭിമുഖത്തില്‍ ഡല്‍ഹി നാഷനല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ജി.കെ. രഥ്, മുംബൈ ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. രാജന്‍ബദ്ദ്വ, കൊല്‍ക്കത്ത ടാറ്റാ മെമ്മോറിയല്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. മാമന്‍ചാണ്ടി, കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. മോനി കുര്യാക്കോസ് എന്നിവരടങ്ങിയ സെര്‍ച്ച് കമ്മിറ്റിയാണ് രേഖ നായരെ ഡയറക്ടറായി നിർദേശിച്ചത്. 

ആര്‍സിസിയിലെ നാലാമത്തെ ഡയറക്ടറും ആദ്യത്തെ വനിതാ ഡയറക്ടറും കൂടിയാണ് രേഖാ നായര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് 1984ല്‍ എംബിബിഎസിലും 1990ല്‍ പത്തോളജി എംഡിയിലും ഉന്നത വിജയം നേടിയിരുന്നു. അമേരിക്കയിലെ നാഷനല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും ഇംഗ്ലണ്ടിലെ ലീഡ്‌സ് സര്‍വകലാശാലയില്‍നിന്നും രക്താര്‍ബുദ നിര്‍ണയത്തില്‍ പരിശീലനം നേടിയിട്ടുണ്ട്. 

ആര്‍സിസിയിലെ അഡ്വാന്‍സ്ഡ് സ്‌പെഷ്യാലിറ്റി ലാബുകളായ മോളിക്യുലര്‍ ഫ്‌ളോസൈറ്റോമെട്രി, ഫിഷ്‌ലാബ്, ഇമ്മ്യൂണോ ഹിസ്‌റ്റോ കെമിസ്ട്രിലാബ് തുടങ്ങിയവ രേഖ നായരുടെ മേല്‍നോട്ടത്തിലാണ് ആരംഭിച്ചത്. മൈക്രോ ആര്‍എന്‍എയുടെ കണ്ടുപിടിത്തത്തിന് 2016ല്‍ ദേശീയ രാജ്യാന്തര പേറ്റന്റ് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഐസിഎംആറിന്റെ തക്താര്‍ബുദ നിര്‍ണയ ടാസ്‌ക് ഫോഴ്‌സ് അംഗമാണ്.