ഭക്തി മൂത്ത് പറഞ്ഞുപോയതാണ്: വിവാദപരാമർശത്തിൽ മാപ്പു ചോദിച്ച് കൊല്ലം തുളസി

കൊല്ലം തുളസി

കൊച്ചി∙ ബിജെപി വേദിയില്‍ സ്ത്രീകള്‍ക്കെതിരായി നടത്തിയ വിവാദപരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് നടൻ കൊല്ലം തുളസി. പറയാന്‍ പാടില്ലാത്തതാണു പറഞ്ഞത്. ഭക്തി മൂത്ത് പറഞ്ഞുപോയതാണ്. ആ പരാമര്‍ശം പിന്‍വലിക്കുകയാണെന്നും ആര്‍ക്കെങ്കിലും മാനസിക വിഷമം ഉണ്ടായെങ്കില്‍ നിരുപാധികം മാപ്പുപറയുന്നുവെന്നും കൊല്ലം തുളസി മനോരമ ന്യൂസ് കൗണ്ടര്‍പോയിന്‍റില്‍ പറഞ്ഞു. 

വനിതാ കമ്മിഷൻ കേസെടുത്തതിനു പിന്നാലെയാണ് തുളസിയുടെ മാപ്പപേക്ഷ. ശബരിമലയില്‍ വരുന്ന യുവതികളെ രണ്ടായി വലിച്ചുകീറണമെന്നായിരുന്നു കൊല്ലം തുളസിയുടെ പരാമര്‍ശം. കൊല്ലം ചവറയില്‍ എന്‍ഡിഎയുടെ ശബരിമല സംരക്ഷണറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അതൊരു അബദ്ധ പ്രയോഗമാണ്. പ്രാര്‍ഥനായോഗത്തില്‍ പങ്കെടുത്ത ചില അമ്മമാരുടെ പ്രയോഗത്തില്‍ ആവേശം തോന്നിയപ്പോള്‍ നടത്തിയ  പരാമർശം ആണത്. അയ്യപ്പ സ്വാമി എന്റെ ദൈവമാണ്. ആചാരങ്ങള്‍ ലംഘിക്കപ്പെടുന്നത് ശബരിമലയുടെ പവിത്രത നശിപ്പിക്കും. അയ്യപ്പഭക്തന്‍ എന്ന നിലയിലെ ഒരു വേദനയായിരുന്നു താൻ പങ്കുവച്ചതെന്നും കൊല്ലം തുളസി വിശദീകരിച്ചു. 

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി ജഡ്ജിമാരേയും വിധിയെ അനുകൂലിക്കുന്ന സ്ത്രീകളേയും അധിക്ഷേപിച്ചായിരുന്നു താരത്തിന്റെ പ്രതികരണം. കൊല്ലം തുളസി പറഞ്ഞത് ബിജെപി നിലപാടല്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പ്രതികരിച്ചു. എന്‍ഡിഎ മാര്‍ച്ച് ആരംഭിച്ചശേഷം കൊല്ലത്ത് മുഖാമുഖം പരിപാടിയിലാണ് ശ്രീധരന്‍പിള്ള തുളസിയെ തള്ളിപ്പറഞ്ഞത്.

അതേസമയം പരാമർശത്തിനെതിരെ ചവറ പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ നൽകിയ പരാതിയെ തുടർന്നാണു നടപടി. സ്ത്രീത്വത്തെ അപമാനിച്ചതിനു മൂന്നു വകുപ്പുകൾ ചുമത്തിയാണു രാത്രി പത്ത് മണിയോടെ കേസെടുത്തത്.