ശബരിമല വിഷയത്തിൽ വോട്ടിന് രാഷ്ട്രീയ പാർട്ടികൾ ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു: കെമാൽ പാഷ

കോട്ടയം ∙ ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതി വിധിയുടെ പേരിൽ തെരുവുകളിൽ നടക്കുന്നതു കോടതിയലക്ഷ്യമാണെന്നു ജസ്റ്റിസ് കെമാൽ പാഷ. രാഷ്ട്രീയ പാർട്ടികൾ വോട്ടു ലക്ഷ്യമിട്ടു ജനത്തെ വിധിയുടെ പേരിൽ തെറ്റിദ്ധരിപ്പിക്കുകയാണ്. പറയേണ്ടതു കോടതിയിൽ പറയാതെ ഇപ്പോൾ ജനത്തിന്റെ കണ്ണിൽ പൊടിയിടാനാണ് ഇക്കൂട്ടരുടെ ശ്രമമെന്നും കെമാൽ പാഷ പറഞ്ഞു.

ശബരിമല വിഷയം കോടതിക്കു മുന്നിൽ എത്താതിരിക്കാനായിരുന്നു ശ്രദ്ധിക്കേണ്ടിയിരുന്നത്. കോടതിയിലെത്തിയതിനാൽ നീതിയുക്തമായ തീരുമാനമുണ്ടായി. വിശ്വാസികളായ സ്ത്രീകൾക്കു ശബരിമലയ്ക്കു പോകണോ വേണ്ടയോ എന്നു തീരുമാനിക്കാം. തെരുവിലേക്ക് ഈ പ്രശ്നത്തെ വലിച്ചിഴയ്ക്കേണ്ട കാര്യമില്ലായിരുന്നു. വിവരക്കേടാണ് ഇതിന്റെ പേരിൽ പലരും വിളിച്ചു പറയുന്നത്.– കെമാൽ പാഷ കൂട്ടിച്ചേർത്തു.

രാജ്യത്ത് ഒട്ടേറെ അടിസ്ഥാന പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ അവയ്ക്കു പരിഹാരം കാണാതെ കോടതികളുടെ സമയവും പൊതുപണവും ഇത്തരം കേസുകൾക്കായി ചെലവഴിക്കുന്നതു ശരിയല്ല. ഇതു കൊണ്ടെന്തു പ്രയോജനമെന്നു ജനം ആലോചിക്കണം. റിവ്യൂ ഹർജി കൊണ്ടു കാര്യമായ പ്രയോജനമില്ലെന്നും വിധിയിൽ തെറ്റില്ലെന്നും കെമാൽ പാഷ പറഞ്ഞു.