തുലാമാസ ഒരുക്കങ്ങളുമായി സർക്കാർ‌; തന്ത്രി കുടുംബം സുപ്രീംകോടതിയില്‍‌

ന്യൂഡൽഹി∙ ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ തന്ത്രി കുടുംബം സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജി നൽകി. കണ്ഠര് മോഹനര്, കണ്ഠര് രാജീവര് എന്നിവരാണ് ഹർജി നൽകിയത്. വിശ്വാസവും ആചാരവും കണക്കിലെടുക്കാതെയാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതെന്ന് ഹർജിയിൽ തന്ത്രിമാർ ആരോപിക്കുന്നു.

അതേസമയം ശബരിമല തുലാമാസ പൂജകൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ കർശന നിർദേശം നല്‍കി. പമ്പയിലും നിലയ്ക്കലിലും ആവശ്യമായ ക്രമീകരണങ്ങളെല്ലാം തിങ്കളാഴ്ചയ്ക്കകം ഒരുക്കണം. മണ്ഡല മകരവിളക്ക് പൂജയ്ക്കുള്ള ഒരുക്കങ്ങൾ നവംബര്‍ 15ന് മുൻപ് പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദേവസ്വം ബോർഡുമായി നടത്തിയ ചർച്ചയിലാണു മുഖ്യമന്ത്രി നിർദേശം നൽകിയത്. ദേവസ്വം, വനം, ജല വിഭവ മന്ത്രിമാരും അവലോകന യോഗത്തിൽ പങ്കെടുത്തു.