പത്തനംതിട്ടയിൽ മഴ, ഉരുൾപൊട്ടൽ; വെള്ളം കുത്തിയൊഴുകി ഗതാഗതം മുടങ്ങി

അതിരുങ്കലിൽ ഉരുൾപൊട്ടിയതിനെ തുടർന്നു പുനലൂർ– മൂവാറ്റുപുഴ സംസ്ഥാനപാതയിൽ വകയാർ ഭാഗത്ത് വെള്ളംകയറിയപ്പോൾ. ചിത്രം: അരവിന്ദ് വേണുഗോപാൽ

പത്തനംതിട്ട ∙ പേമാരിയെ തുടർന്ന് അതിരുങ്കലിൽ ഉരുൾപൊട്ടൽ. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിൽ 5 ഇടത്ത് വെള്ളം കയറി. മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. കൊല്ലംപടി– അതിരുങ്കൽ, പുളിഞ്ചാണി– രാധപ്പടി റോഡും വെള്ളത്തിലായി. ഈ ഭാഗങ്ങളിലെല്ലാം ഗതാഗതം താറുമാറായി. ഒരു വീട് തകർന്നു. ഉച്ചയ്ക്കു തുട‍ങ്ങിയ മഴ രാത്രിയിലും തുടരുകയാണ്.

അതിരുങ്കലിൽ ഉരുൾപൊട്ടിയതിനെ തുടർന്നു പുനലൂർ– മൂവാറ്റുപുഴ സംസ്ഥാനപാതയിൽ വകയാർ ഭാഗത്ത് വെള്ളംകയറിയപ്പോൾ. ചിത്രം: അരവിന്ദ് വേണുഗോപാൽ

സംസ്ഥാനപാതയിൽ വകയാർ സൊസൈറ്റിപ്പടി, മാർക്കറ്റ് ജംക്‌ഷൻ, താന്നിമൂട്, മുറിഞ്ഞകൽ, നെടുമൺകാവ് എന്നിവിടങ്ങളിലാണു വെള്ളം കയറിയത്. കോന്നിക്കും കലഞ്ഞൂരിനും മധ്യേ ഗതാഗതം പൂർണമായും തടസപ്പെട്ടു. ഒരാൾപ്പൊക്കത്തിൽ വെള്ളം കയറി. ശക്തമായ ഒഴുക്കായിരുന്നു. കല്ലും മണ്ണും ഒഴുകിവന്നു മുറ്റാക്കഴി എസ് വളവിനു സമീപം മംഗലത്തു കിഴക്കേതിൽ സദാനന്ദന്റെ വീട് തകർന്നു.

കൊല്ലംപടി– അതിരുങ്കൽ റോഡിൽ ക്ഷേത്രത്തിനു സമീപം മണ്ണിടിഞ്ഞുവീണു ഗതാഗതം മുടങ്ങി. അപ്രതീക്ഷിതമായി ഉണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും ജനങ്ങൾ പ്രയാസത്തിലായി. അതിരുങ്കൽ, പടപ്പയ്ക്കൽ, രാധപ്പടി, ചോടുപാറ ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം തടസമുണ്ട്. അതിരുങ്കലിൽനിന്നു വിവിധ ആവശ്യങ്ങൾക്കു പത്തനംതിട്ട, കോന്നി, പത്തനാപുരം മേഖലയിലേക്കു പോയവർക്കു വീടുകളിലേക്കു തിരിച്ചു പോകാനായില്ല.

അതിരുങ്കലിൽ ഉരുൾപൊട്ടിയതിനെ തുടർന്നു പുനലൂർ– മൂവാറ്റുപുഴ സംസ്ഥാനപാതയിൽ വകയാർ ഭാഗത്ത് വെള്ളംകയറിയപ്പോൾ. ചിത്രം: അരവിന്ദ് വേണുഗോപാൽ