മന്ത്രിമാർ വിദേശത്തേക്ക് പോകേണ്ടെന്ന് വീണ്ടും കേന്ദ്രം: ചീഫ് സെക്രട്ടറിയുടെ ആവശ്യവും നിരസിച്ചു

ന്യൂഡൽഹി∙ പുനർനിർമാണത്തിനു സഹായം തേടി വിദേശരാജ്യങ്ങൾ സന്ദർശിക്കുന്നതിനുള്ള കേരളത്തിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി. വിദേശയാത്രയ്ക്കുള്ള മന്ത്രിമാരുടെ അപേക്ഷ കേന്ദം നിരസിച്ചു. ഇതു സംബന്ധിച്ച അറിയിപ്പ് ചീഫ് സെക്രട്ടറി ടോം ജോസിനു ലഭിച്ചു. മന്ത്രിമാരുടെ യാത്രയ്ക്ക് അനുമതി നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ചീഫ് സെക്രട്ടറി വിദേശകാര്യവകുപ്പ് െസക്രട്ടറിക്കു കത്തു നല്‍കിയിരുന്നു. യാത്രയുടെ ഉദ്ദേശ്യവും ഫണ്ട് ലഭിക്കേണ്ട ആവശ്യകതയും വ്യക്തമാക്കിയാണു കത്തുനൽകിയത്.

നേരത്തെ തന്നെ മന്ത്രിമാരുടെ വിദേശസന്ദർശനം കേന്ദ്രം വിലക്കിയിരുന്നു. കർശന ഉപാധികളോടെ മുഖ്യമന്ത്രിക്കു മാത്രം ദുബായിൽ പോകുന്നതിനുള്ള അനുമതിയാണ് നൽകിയത്. ഈ മാസം 17 മുതൽ 21 വരെ വിദേശ സന്ദർശനം നടത്തി മുഖ്യമന്ത്രിയും മന്ത്രിമാരും ഫണ്ട് ശേഖരിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. പഴ്സനൽ സ്റ്റാഫുകളും ഒപ്പം വേണമെന്നു മന്ത്രിമാർ പറഞ്ഞിരുന്നെങ്കിലും ഇത് മുഖ്യമന്ത്രി അംഗീകരിച്ചില്ല.

17ന് അബുദാബി, 19ന് ദുബായ്, 20ന് ഷാർജ, അജ്മാൻ, റാസൽഖൈമ, ഉൽമൽ‌ ക്വീൻ, ഫുജൈറ എന്നിവിടങ്ങളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. മറ്റു മന്ത്രിമാർ ഖത്തർ, കുവൈത്ത്, സിംഗപ്പൂർ, മലേഷ്യ, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ജർമനി, യുഎസ്, കാനഡ, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങളാണു സന്ദർശിക്കാനിരുന്നത്.