ശബരിമലയിലെ യുവതീപ്രവേശത്തിന് എതിരായ സമരത്തിന് പിന്തുണയുമായി കോൺഗ്രസ്

തിരുവനന്തപുരം ∙ ശബരിമല നടതുറക്കാന്‍ ഒരുദിവസം മാത്രം ബാക്കിനില്‍ക്കെ സ്ത്രീപ്രവേശത്തിനെതിരായ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസും. പമ്പയിലും നിലയ്ക്കലിലും നടക്കുന്ന സമരത്തില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രവര്‍ത്തകര്‍ക്കൊപ്പം വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍ പങ്കെടുക്കും. ചൊവ്വാഴ്ച ഡല്‍ഹിക്ക് പോകുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പാര്‍ട്ടി എടുക്കുന്ന നിലപാടുകള്‍ രാഹുല്‍ ഗാന്ധിയെ അറിയിക്കും. 

അതേസമയം, ശബരിമല പ്രശ്നപരിഹാരത്തിന് ദേവസ്വംബോര്‍ഡ് വിളിച്ച യോഗത്തില്‍ തന്ത്രികുടുംബവും പന്തളം രാജകുടുംബവും പങ്കെടുക്കും.  അതേസമയം ശബരിമലയെ സമരഭൂമിയാക്കരുതെന്നും യുവതികളെത്തിയാല്‍ തടയാനില്ലെന്നും അയ്യപ്പ സേവാ സംഘം വ്യക്തമാക്കി. സുപ്രീംകോടതി വിധിക്കെതിരെ കേരള ബ്രാഹ്മണസഭയും റിവ്യൂ ഹര്‍ജി നല്‍കി. 

യുവതീ പ്രവേശത്തില്‍ പിന്നോട്ടില്ലെന്നും ഇക്കാര്യം യോഗത്തില്‍ അറിയിക്കുമെന്നും പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ പറഞ്ഞു. സര്‍ക്കാരിനും ദേവസ്വത്തിനും വിശ്വാസികളുടെ വികാരം മനസിലാകുന്നുണ്ടെന്നു കരുതുന്നു. നാമജപയാത്ര തുടരുമെന്നും പന്തളത്തുനിന്ന് ആയിരം ഇരുചക്ര വാഹനങ്ങളില്‍ നാമജപയാത്ര നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

യുവതികളായ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കി ആചാരം ലംഘിക്കരുതെന്നാണ് നിലപാടെന്ന് അയ്യപ്പ സേവാ സംഘം വ്യക്തമാക്കി. കൊടിയുടെ കീഴിലുള്ള സമരത്തിനില്ലെങ്കിലും വിശ്വാസികള്‍ക്കൊപ്പമാണെന്നും ദേശീയ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു.