ശബരിമലയിൽ പ്രതിഷേധക്കാർക്ക് അയ്യപ്പദോഷം ഉണ്ടാകും: മന്ത്രി ഇ.പി.ജയരാജൻ

ഇ.പി.ജയരാന്‍ മനോരമ ന്യൂസിനോട് സംസാരിക്കുന്നു

തിരുവനന്തപുരം ∙ ശബരിമലയിൽ പ്രതിഷേധം നടത്തുന്നവർക്ക് അയ്യപ്പദോഷം ഉണ്ടാകുമെന്നു മന്ത്രി ഇ.പി.ജയരാജൻ. നിലയ്ക്കലിലും മറ്റും ഉണ്ടാകുന്ന പ്രതിഷേധങ്ങളെക്കുറിച്ച് മനോരമ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അവർക്കു നാശമുണ്ടാകും. അവർ ചെയ്യുന്നത് മഹാപാപമാണ്. അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല. ഈ ഹീനകൃത്യത്തിൽ നിന്ന് അവർ പിൻമാറണമെന്നും പ്രതിഷേധക്കാരെക്കുറിച്ച് മന്ത്രി പറഞ്ഞു. എല്ലാ ക്ഷേത്രങ്ങളെയും സംരക്ഷിക്കേണ്ട ചുമതല സർക്കാരിനുണ്ട്. കെ.സുധാകരന്റെ ഉപവാസം വലിയ തമാശയാണ്. കോൺഗ്രസിൽ ഓരോരുത്തർക്കും തോന്നുന്നതു പോലെയാണ്. സുപ്രീംകോടതി വിധി ചരിത്രപരമാണെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു.

ശബരിമലയെ കലാപഭൂമിയാക്കരുതെന്ന് മന്ത്രി കെ.കെ.ശൈലജ പ്രതികരിച്ചു. അയ്യപ്പന് സ്ത്രീ–പുരുഷ ഭേദമില്ലെന്നും മന്ത്രി ശൈലജ പറഞ്ഞു.