ശബരിമലയിൽ വിശ്വാസികൾക്കൊപ്പം: വിജയദശമിദിന സന്ദേശത്തിൽ മോഹൻ ഭഗവത്

മോഹൻ ഭഗവത്

മുംബൈ∙ ശബരിമല യുവതീപ്രവേശ വിഷയത്തിൽ വിശ്വാസികൾക്കൊപ്പമെന്ന് ആർഎസ്എസ്. സുപ്രീംകോടതി വിധി അഭിപ്രായസമന്വയം ഇല്ലാതെയും ആചാരങ്ങൾ പരിഗണിക്കാതെയുമാണെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് പറഞ്ഞു. വിജയദശമി സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. രാമക്ഷേത്ര നിർമാണത്തിൽ കേന്ദ്രം ഓർഡിനൻസ് ഇറക്കണമെന്നും ഭഗവത് ആവശ്യപ്പട്ടു.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിശ്വാസസമൂഹത്തിന്റെ വികാരം പരിഗണിച്ചല്ല ശബരിമലയിൽ സുപ്രീംകോടതി വിധി. ശബരിമലയുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ പരാതിയിൽ പുറപ്പെടുവിച്ച വിധി, സമൂഹത്തില്‍ അശാന്തിയും ഭിന്നതയും മാത്രമാണ് ഉണ്ടാക്കിയത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾ മാറ്റുമ്പോൾ ആവശ്യമായ ആലോചനകൾ നടന്നില്ല. മതപുരോഹിതർ, സന്യാസിശ്രേഷ്ഠർ തുടങ്ങി വിവിധതലങ്ങളിൽ ചർച്ച ആവശ്യമായിരുന്നു– ഭഗവത് പറഞ്ഞു.

ക്ഷേത്രങ്ങളിൽ സ്ത്രീക്കും പുരുഷനും വിവേചനമരുതെന്ന ആദ്യനിലപാട്, വിശ്വാസിസമൂഹത്തിന്റെ എതിർപ്പിനെ തുടർന്ന് ആർഎസ്എസ് നേരത്തേ മയപ്പെടുത്തിയിരുന്നു. രാമക്ഷേത്ര നിർമാണവിഷയത്തിൽ മോദി സർക്കാരിനെ ഭഗവത് പരോക്ഷമായി വിമർശിച്ചു. തങ്ങളുടെ സർക്കാരെന്ന് അവകാശപ്പെടുന്നവർ അധികാരത്തിൽ ഇരുന്നിട്ടും എന്തുകൊണ്ടു രാമക്ഷേത്ര നിർമാണം നടക്കുന്നില്ലെന്നു ജനങ്ങൾ ചോദിക്കുന്നു. ക്ഷേത്രനിർമാണത്തിനായി കേന്ദ്രം ഓർഡിനൻസ് കൊണ്ടുവരണമെന്നും അദ്ദേഹം വ്യക്തമാക്കി.