പ്രശ്നക്കാർ അവിശ്വാസികൾ; വേണ്ടിവന്നാൽ നിയമം കയ്യിലെടുക്കും: കെ. സുരേന്ദ്രൻ

കോഴിക്കോട്∙ ശബരിമലയെ തകർക്കാൻ ശ്രമമുണ്ടായാൽ, വേണ്ടിവന്നാൽ‌ നിയമം കൈയിലെടുക്കുമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. ശബരിമലയെ തകർക്കാൻ ഗൂഢാലോചനയുണ്ട്. ഇതുവരെ പ്രശ്നത്തിൽ സമാധാനപരമായ നിലപാടായിരുന്നു ബിജെപി സ്വീകരിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു. യുവതികളെ ശബരിമലയിൽ കയറ്റാൻ സർക്കാരാണു ഗൂഢാലോചന നടത്തിയത്. സിപിഎം അതിനു വില കൊടുക്കേണ്ടിവരും.

മല കയറാനെത്തിയ യുവതികൾക്കു പൊലീസിന്റെ യൂണിഫോം നൽകിയതിനെപ്പറ്റി മുഖ്യമന്ത്രി പറയണം. ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷമാണ് മല കയറാനെത്തിയതെന്നാണ് യുവതിക്കൊപ്പം എത്തിയ ആൾ പറഞ്ഞത്. ഇതു ഗൂഢാലോചനയുടെ തെളിവാണ്. അന്യമതക്കാരും അവിശ്വാസികളും എന്തിനാണ് ശബരിമലയിൽ പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നത്. ഇതു തടയണം.

മാധ്യമങ്ങൾ പ്രകോപനമുണ്ടാക്കിയതു കൊണ്ടാണ് മാധ്യമപ്രവർത്തകർക്കു മർദനമേറ്റത്. എന്തിനാണ് ഹൈദരാബാദിൽനിന്നും ലഖ്നൗവിൽനിന്നും മാധ്യമപ്രവർത്തകരെ എത്തിച്ചത്? ഇവിടെയുള്ള വനിതാ മാധ്യമപ്രവർത്തകർ എന്താണു ശബരിമലയിൽ കയറാത്തത്? സർക്കാരും മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും ചേർന്നുള്ള തന്ത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.