‘പൊലീസ് കള്ളക്കേസിൽ കുടുക്കി, നടുവിനു പ്രശ്നം’: രാഹുൽ ഈശ്വർ ആശുപത്രിയിൽ

ശബരിമലയിൽ പ്രതിഷേധത്തിനിടെ രാഹുൽ ഈശ്വർ (ഫയൽ ചിത്രം)

കൊട്ടാരക്കര∙  പൊലീസ് തന്നെ മനഃപൂർവം കള്ളക്കേസിൽ കുടുക്കിയതാണെന്ന് അയ്യപ്പ ധർമസേനാ പ്രസിഡന്റ് രാഹുൽ ഈശ്വർ. മൂന്നു ദിവസമായി ജയിലിൽ നിരാഹാരം കിടക്കുകയാണ്. സന്നിധാനത്ത് ഭക്ഷണം കഴിക്കുമ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനെ തടഞ്ഞിട്ടില്ല. ഒരു ട്രാക്ടറിൽ ടാർപൊളിൻ കൊണ്ട് മൂടിയാണു കൊണ്ടു പോയത്. നടുവിനു കുഴപ്പമുണ്ടായിരുന്നു, അത് കൂടുതൽ പ്രശ്നമായെന്നും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റുന്നതിനിടെ രാഹുൽ പറഞ്ഞു.

അതിനിടെ, രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതു മാറ്റി. പത്തനംതിട്ട ഫസ്റ്റ് ക്ലാസ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും പൊലീസ് റിപ്പോർട്ട് ലഭിച്ചിരുന്നില്ല. തുടർന്നു ജാമ്യാപേക്ഷ പരിഗണിക്കുന്നതു മാറ്റുകയായിരുന്നു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് രാഹുൽ സന്നിധാനത്ത് അറസ്റ്റിലായത്. ആന്ധ്രയിൽനിന്നു വന്ന സംഘത്തിലെ മാധവി എന്ന യുവതിയെ മല കയറുന്നതിൽനിന്നു ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നും പരാതിയുണ്ട്. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു കൊട്ടാരക്കര സബ്ജയിലിലേക്കു മാറ്റിയ രാഹുലിന്റെ ആരോഗ്യം മോശമായതിനെത്തുടർന്നാണ് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയത്.

എന്നാൽ ശബരിമല തീർഥാടനത്തിന്റെ ഭാഗമായുള്ള ഉപവാസമാണ് രാഹുൽ തുടരുന്നതെന്ന് പൊലീസ് പറയുന്നു. പൊലീസ് സുരക്ഷയിൽ പമ്പ കടന്ന് സ്വാമി അയ്യപ്പൻ റോഡിൽ പ്രവേശിച്ച ആന്ധ്ര കുടുംബത്തെ പൊലീസ് പിന്മാറിയതോടെ രാഹുലും സംഘവും തടയുകയായിരുന്നെന്നായിരുന്നു പരാതി. ഭീഷണിപ്പെടുത്തിയാണു പിന്തിരിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു.

എന്നാൽ സംഭവം നടക്കുമ്പോൾ രാഹുൽ സന്നിധാനത്തായിരുന്നെന്നും തടഞ്ഞവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ലെന്നും ഭാര്യ ദീപ പറയുന്നു. ട്രാക്ടറിൽ ടാർപൊളിൻ കൊണ്ടു പൊതിഞ്ഞാണു രാഹുലിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയതെന്നും ദീപ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.