സന്നിധാനത്തെത്തിയപ്പോൾ ഭക്തർ വയസ് ചോദിച്ചു; മിണ്ടാതെ നടന്നപ്പോൾ ശരണംവിളിച്ചു

ആർ.ബാലമ്മ (ഇടത്), ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബാലമ്മയെ പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. (വലത്) ചിത്രം: നിഖിൽ രാജ്

ശബരിമല∙ എല്ലാവരുടെയും കണ്ണുവെട്ടിച്ച് സന്നിധാനംവരെ എത്തിയെങ്കിലും ആന്ധ്ര സ്വദേശിനി ആർ. ബാലമ്മ (48)യ്ക്കു പടികയറി ദർശനം നടത്താനായില്ല. ആന്ധ്രയിലെ ഗുണ്ടൂരിൽനിന്നാണ് ബാലമ്മ എത്തിയത്. കണ്ടാൽ പ്രായം തോന്നിക്കുന്നതിനാൽ അവർ മല ചവിട്ടാൻ പൊലീസ് സഹായം തേടിയില്ല. തലയിൽ തുണിയിട്ട് നേരെ മലചവിട്ടി. മഞ്ഞയും ചവപ്പും കലർന്ന പട്ടുസാരിയായിരുന്നു വേഷം.

സന്നിധാനം ഗവ.ആശുപത്രിക്കു മുൻപിൽ എത്തിയപ്പോൾ ഭക്തർക്കു സംശയം. അവർ വയസ് ചോദിച്ചു. ഒന്നും പറയാതെ നടക്കാൻ തുടങ്ങിയപ്പോൾ ശരണം വിളിച്ചു. ഇതു കേട്ടു നിമിഷങ്ങൾക്കുള്ളിൽ ആയിരത്തിലേറെ അയ്യപ്പന്മാർ ഓടി എത്തി. എന്താണു സംഭവിച്ചതെന്നറിയാതെ ശരണം വിളിച്ചു.

പ്രതിരോധക്കാരുടെ ഇടയിൽ അകപ്പെട്ടതോടെ അവർ പെട്ടെന്ന് തളർന്നു. വീഴാൻ തുടങ്ങിയപ്പോൾ പ്രതിരോധത്തിനെത്തിയ മാളികപ്പുറങ്ങൾ അവരെ താങ്ങിപ്പിടിച്ചു. തൊട്ടടുത്ത ഗവ.ആശുപത്രിയിൽ എത്തിച്ചു. അവരുടെ തിരിച്ചറിയൽ കാർഡ് നോക്കിയപ്പോൾ ജനന വർഷം 1971 എന്നു കണ്ടു. അപ്പോഴേക്കും എസ്പി വി.അജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി. ദേവസ്വത്തിന്റെ ആംബുലൻസിൽ കയറ്റി പമ്പയിലേക്കു കൊണ്ടുപോയി. എന്നാൽ പമ്പയിൽ നിർത്താതെ ആംബുലൻസ് വിട്ടുപോയി.