സിബിഐ തലപ്പത്തെ ശീതയുദ്ധം: വിശദീകരണം തേടി പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി∙ സിബിഐ തലപ്പത്തെ ഏറ്റുമുട്ടലുകൾ തുടരുന്നതിനിടെ ഏജൻസിയിലെ 2 ഉന്നത ഉദ്യോഗസ്ഥരിൽനിന്നു വിശദീകരണം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരെ സിബിഐ കൈക്കൂലി കേസ് എടുത്തതിനു പിന്നാലെയാണു പ്രധാനമന്ത്രിയുടെ നടപടി. അലോക് വർമയ്ക്കെതിരായി അസ്താന സർക്കാരിനു പരാതി നല്‍കിയിരുന്നു.

സ്വന്തം ഉദ്യോഗസ്ഥർക്കെതിരായി നടപടികൾ സ്വീകരിക്കുന്നതിനു സിബിഐ അനുമതി തേടിയിട്ടില്ലെന്നാണു പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. സംഭവവുമായി ബന്ധപ്പെട്ട് അസ്താനയുടെ കൂടെയുള്ള ദേവേന്ദർ കുമാർ എന്ന ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ബിസിനസുകാരനായ സതീഷ് സനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാകേഷ് അസ്താനയ്ക്കെതിരെ സിബിഐ കേസെടുത്തിരിക്കുന്നത്.

കേസ് ഒഴിവാക്കുന്നതിനായി 5 കോടി രൂപ രാകേഷ് കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണു സതീഷ് സനയുടെ പരാതി. ദുബായിലെ മനോജ് പ്രസാദ് എന്നയാൾ പണക്കൈമാറ്റത്തിന് ഇടനിലക്കാരനായി നിന്നെന്നും പരാതിയുണ്ട്. അസ്താനയ്ക്കെതിരെ ആറു കേസുകളിൽ അന്വേഷണം നടക്കുന്നതായി സിബിഐ പ്രഖ്യാപിച്ചിരുന്നു.