സാലറി ചാലഞ്ച്: ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിൽ

ന്യൂഡൽഹി∙ സാലറി ചാലഞ്ചിനെതിരെയുള്ള ഹൈക്കോടതി വിധി ചോദ്യം ചെയ്തു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വിഷയം തിങ്കളാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. സാലറി ചലഞ്ചിനു ജീവനക്കാരെ നിര്‍ബന്ധിക്കരുതെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.

പ്രളയത്തിനുശേഷം ഏറെ വിവാദമായ സർക്കാർ നിർദേശമായിരുന്നു സാലറി ചലഞ്ച്. സർക്കാർ ഉദ്യോഗസ്ഥർ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നൽകണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം. എന്നാൽ ഇതിനോടു സമ്മിശ്ര പ്രതികരണമായിരുന്നു ഉദ്യോഗസ്ഥരിൽനിന്നു ലഭിച്ചത്. ഒടുവിൽ ഹൈക്കോടതിയിൽനിന്നും വിമർശനം ഏറ്റുവാങ്ങേണ്ടി വന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കി. പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ നിർബന്ധിത ശമ്പളപ്പിരിവിന് ഉത്തരവിറക്കാൻ ഉദ്യോഗസ്ഥർക്ക് എങ്ങനെ കഴിയുമെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്. നിർബന്ധിത പിരിവ് ‘പിടിച്ചുപറിക്കൽ’ ആകും. മുഖ്യമന്ത്രി ‘സാലറി ചാലഞ്ച്’ മുന്നോട്ടുവച്ചത് അഭ്യർഥനയായാണ്. അതു മാനിച്ചു പലരും തയാറായി. എന്നാൽ നിർബന്ധിത ഉത്തരവ് അതിനു തിരിച്ചടിയാകുമെന്നു വാദത്തിനിടെ കോടതി പറഞ്ഞു.

‘ജീവനക്കാരുടെ ഒരു ദിവസ ശമ്പളം പോലും പിടിക്കാൻ സർക്കാരിന് അധികാരമില്ല. അതിനൊക്കെ ഒരു രീതിയുണ്ട്. നിയമം നോക്കാതെ ശമ്പളം പിടിക്കാൻ ഉത്തരവിറക്കുന്നതെങ്ങനെ? നിയമ സെക്രട്ടറിയുമായി ചർച്ച നടത്തിയോ?’- കോടതി അന്നു ചോദിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ശമ്പളവും ഉൽസവ ബത്തയും പിടിക്കാനുള്ള തിരുവിതാംകുർ ദേവസ്വം ബോർഡിന്റെ ഉത്തരവിനെതിരായ ബോർഡ് എംപ്ലോയീസ് ഫ്രണ്ടിന്റെ ഹർജിയാണു ജസ്റ്റിസ് പി.ആർ. രാമചന്ദ്രമേനോൻ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്.