ശബരിമല സംഘർഷം: 2061 പേരെ അറസ്റ്റ് ചെയ്തു; 1,937 പേരെ ജാമ്യത്തിൽ വിട്ടു

ശബരിമല യുവതീപ്രവേശ വിഷയത്തിൽ നിലയ്ക്കലിൽ നടന്ന സമരത്തിനിടെ ഉണ്ടായ ലാത്തി ചാർജ്

തിരുവനന്തപുരം ∙ ശബരിമല സംഘർഷങ്ങളി‍ൽ അറസ്റ്റിലായവരുടെ എണ്ണം 2061 ആയി. ഇതുവരെ റജിസ്റ്റർ ചെയ്തത് 452 കേസുകളാണ്. ഇന്നലെ വൈകുന്നേരത്തിനുശേഷം അറസ്റ്റ് ചെയ്തത് 700 പേരെ. ഇതില്‍ 1,937 പേരെ ജാമ്യത്തില്‍ വിട്ടു. മറ്റുള്ളവരെ റിമാന്‍ഡ് ചെയ്തു. അക്രമ സംഭവത്തില്‍ ഉള്‍പ്പെട്ട 220 പേരുടെ ഫോട്ടോ പൊലീസ് പുറത്തു വിട്ടിരുന്നു. ഇവരില്‍ മിക്കവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാവരെയും പിടികൂടുന്നതുവരെ നടപടി തുടരാനാണ് ഡിജിപി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് ഇത്രയും പേരെ അറസ്റ്റു ചെയ്തത്. ഇന്നലെ 1,410 പേരെ സംസ്ഥാന വ്യാപകമായി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. വിഡിയോ ദൃശ്യങ്ങളിൽ നിന്നാണ് പ്രക്ഷോഭകരുടെ വിവരം പൊലീസ് ശേഖരിച്ചത്. അതിനു ശേഷം ഇതു ജില്ലാ പൊലീസ് മേധാവികൾക്കു കൈമാറി. എല്ലാ ജില്ലകളിലും ഇവരെ പിടികൂടാൻ പ്രത്യേക സംഘവും പൊലീസ് രൂപീകരിച്ചിട്ടുണ്ട്. പലർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകളാണു പൊലീസ് ചുമത്തിയിട്ടുള്ളത്. മുങ്ങിയ പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് ഉടൻ പുറപ്പെടുവിക്കും.

ശബരിമല സന്നിധാനം, പമ്പ, കാനനപാത, നിലയ്ക്കൽ എന്നിവിടങ്ങൾക്കു പുറമെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ യുവതികളെ തടഞ്ഞതിനും പൊതുമുതൽ നശിപ്പിച്ചതിനും പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണു കേസ്. ഏതാനും പേർക്കെതിരെ യുവതികളെ അസഭ്യം പറഞ്ഞതിനും കൈയേറ്റം ചെയ്തതിനും കേസെടുത്തിട്ടുണ്ട്.