ശബരിമലയിൽ പിടിച്ചുകയറണമെന്ന് അമിത് ഷാ; സീറ്റില്ലെങ്കിൽ ഒപ്പമുണ്ടാകില്ലെന്നും മുന്നറിയിപ്പ്

കണ്ണൂരിലെത്തിയ അമിത് ഷാ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു. ചിത്രം : ധനേഷ് അശോകൻ

തിരുവനന്തപുരം∙ ശബരിമല യുവതീപ്രവേശ വിഷയത്തില്‍ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ സംസ്ഥാന നേതൃത്വത്തിനു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നിര്‍ദേശം. സാമുദായിക സംഘടനകളെ ഒപ്പം നിര്‍ത്തണം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സീറ്റു ഉറപ്പാക്കിയില്ലെങ്കില്‍ ദേശീയ നേതൃത്വം ഒപ്പമുണ്ടാകില്ലെന്നും സംസ്ഥാന നേതാക്കള്‍ക്കു താക്കീതു നല്‍കി.

ശബരിമല വിഷയമുണ്ടാക്കിയ അനുകൂലാവസ്ഥ മുതലാക്കിയുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടുപോകണമെന്നും ശക്തമായ സമരമുണ്ടാകണമെന്നും സംസ്ഥാന നേതാക്കളോട് അമിത് ഷാ ആവശ്യപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാകണം പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. വോട്ടിങ് ശതമാനത്തിന്റേയും ഒരു നിയമസഭാ സീറ്റിന്റെയും കണക്കുകള്‍ വേണ്ടെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കണമെന്നും ഇനിയും വിജയിച്ചില്ലെങ്കില്‍ ദേശീയ നേതൃത്വം ഒപ്പമുണ്ടാകില്ലെന്നുള്ള കര്‍ശന താക്കീതും ഉണ്ടായി.

തലസ്ഥാനത്തെത്തിയ ദേശീയ അധ്യക്ഷന്‍ നേതാക്കളെ ഒറ്റയ്ക്കും കൂട്ടായും ചര്‍ച്ച നടത്തി. മഞ്ചേശ്വരത്തെ കേസ് തുടരണോ എന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വം കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കാനും അമിത് ഷാ നിര്‍ദേശിച്ചു. തീരുമാനമറിയിക്കാന്‍ കെ.സുരേന്ദ്രനോട് കോടതി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണു സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തോട് നിലപാട് ആരാഞ്ഞത്. എസ്എന്‍ഡിപിക്കൊപ്പം എന്‍എസ്എസിനെകൂടി വിശ്വസത്തിലെടുക്കണമെന്നും പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ഇനിയുണ്ടാകരുതെന്നും പാര്‍ട്ടി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അമിത് ഷാ ആവശ്യപ്പെട്ടു.