രാഹുലിന്റെ നിലപാട് മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് മുല്ലപ്പള്ളി; ആശയക്കുഴപ്പമില്ലെന്ന് ചെന്നിത്തല

മുല്ലപ്പള്ളി രാമചന്ദ്രൻ, രാഹുൽ ഗാന്ധി, രമേശ് ചെന്നിത്തല

തിരുവനന്തപുരം ∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു കോൺഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ‌ നിലപാട് മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ. കെപിസിസി ഇപ്പോഴും  യുവതീപ്രവേശത്തിന് എതിരാണ്. അതിനൊപ്പമാണ് രാഹുല്‍ ഗാന്ധിയെന്ന് ഉറപ്പു ലഭിച്ചു. കേരളത്തിലെ വികാരമനുസരിച്ച് അനുകൂല നിലപാടെടുക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ആനന്ദ് ശര്‍മയുടെ നിലപാടും വളച്ചൊടിച്ചെന്നു മുല്ലപ്പള്ളി ആരോപിച്ചു.

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് യുഡിഎഫ് നിലപാടില്‍ ആശയക്കുഴപ്പമില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിശ്വാസികള്‍ക്കൊപ്പമാണു യുഡിഎഫും കോണ്‍ഗ്രസും. നിലപാടിൽ മാറ്റമില്ല. രാഹുല്‍ ഗാന്ധി കേരള നേതൃത്വത്തെ തളളിപ്പറഞ്ഞതല്ല. കോണ്‍ഗ്രസ് അധ്യക്ഷന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. എങ്കിലും കേരള നേതൃത്വത്തിന്റെ നിലപാടുമായി മുന്നോട്ടുപോകാന്‍ അനുമതി നല്‍കി. കോണ്‍ഗ്രസ് അധ്യക്ഷന്റെ മഹത്വമാണ് ഇതു വ്യക്തമാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. 

ശബരിമല യുവതീപ്രവേശ വിഷയത്തില്‍ തന്റെ നിലപാട് പാര്‍ട്ടി നിലപാടിനു വിരുദ്ധമാണെന്നാണു രാഹുല്‍ വ്യക്തമാക്കിയത്. പുരുഷന്‍  പോകുന്നിടത്ത് സ്ത്രീയെയും പോകാന്‍ അനുവദിക്കണം. ഇതു വൈകാരിക വിഷയമാണെന്ന സംസ്ഥാനത്തെ പാര്‍ട്ടിയുടെ നിലപാടിനെ എഐസിസി പിന്തുണയ്ക്കുകയായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. രാഹുലിനെ പിന്തുണച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ആനന്ദ് ശര്‍മ  രംഗത്തെത്തി. രാഹുലിന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ, കേരളത്തിലെ കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്ന  സമീപനം അവര്‍ എത്തിനില്‍ക്കുന്ന ജനാധിപത്യവിരുദ്ധതയുടെ സൂചനയാണെന്നു വിമർശിച്ചു.