‘രാഹുലിന്റേത് തീരുമാനം അടിച്ചേൽപ്പിക്കാത്ത സമീപനം; ഇതു ബിജെപിയിലോ സിപിഎമ്മിലോ നടക്കില്ല’

തിരുവനന്തപുരം∙ ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേതു വ്യക്തിപരമായ അഭിപ്രായമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യ മര്യാദ ഉള്‍കൊണ്ടുകൊണ്ട്, തീരുമാനം അടിച്ചേല്‍പ്പിക്കാതെ ഉദാര സമീപനമാണു രാഹുല്‍ ഗാന്ധി സ്വീകരിച്ചത്. വിശ്വാസി സമൂഹത്തിന്റെ ഭാഗത്തു നില്‍ക്കാന്‍ അനുവാദം തന്നതോടെ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുകയാണു രാഹുല്‍ ചെയ്തത്. ഇതു ബിജെപിയിലോ സിപിഎമ്മിലോ നടക്കില്ലെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ക്കു പ്രവേശനം അനുവദിക്കണമെന്നാണു വ്യക്തിപരമായ അഭിപ്രായമെന്നും ജനങ്ങളുടെ വികാരം കണക്കിലെടുത്തുള്ള സംസ്ഥാന ഘടകത്തിന്റെ നിലപാടിനു താന്‍ വഴങ്ങുകയായിരുന്നുവെന്നുമാണു രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

ശബരിമല വിഷയത്തില്‍ പാര്‍ട്ടിയിലോ മുന്നണിയിലോ ആശയക്കുഴപ്പം ഇല്ലെന്നും ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി വന്നശേഷം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോടൊപ്പം രാഹുല്‍ ഗാന്ധിയെ കണ്ട് കേരളത്തിലെ ജനങ്ങളുടെ വികാരം അറിയിച്ചിരുന്നു. ജനങ്ങളുടെ വികാരത്തിന് അനുസരിച്ചു തീരുമാനമെടുക്കാന്‍ എഐസിസി അനുവാദം തന്നിട്ടുണ്ട്. ആര്‍ജവമുള്ള നേതാവ് എന്ന നിലയിലാണു രാഹുല്‍ തന്റെ അഭിപ്രായം പറഞ്ഞത്. വ്യത്യസ്ത അഭിപ്രായങ്ങള്‍ കോണ്‍ഗ്രസ് എന്നും സ്വീകരിച്ചിട്ടുണ്ടെന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയാന്‍ പാര്‍ട്ടിയില്‍ സ്വാതന്ത്ര്യമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമല വിഷയത്തില്‍ 2016ല്‍ യുഡിഎഫ് സര്‍ക്കാര്‍ എടുത്ത നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. യുവതീ പ്രവേശനത്തെ എതിര്‍ത്താണു യുഡിഎഫ് സര്‍ക്കാര്‍ അന്നു സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. രാഹുല്‍ ഗാന്ധിയെ ഇതെല്ലാം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

യുവതീ പ്രവേശന വിഷയത്തില്‍ നിയമനിര്‍മാണത്തിനു മുതിരാതെ കലാപം സൃഷ്ടിക്കാനാണു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശ്രമിക്കുന്നത്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും ലക്ഷ്യം തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ ജനത്തിനുണ്ട്. പ്രശ്നം രമ്യമായി പരിഹരിക്കുന്നതിനു പകരം സങ്കീര്‍ണമാക്കാനാണു സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. വിശ്വാസികളായ ആളുകളെ അടിച്ചമര്‍ത്തുകയാണു കേരള മുഖ്യമന്ത്രി. സിപിഎമ്മും ബിജെപിയും ശബരിമല വിഷയത്തില്‍ പ്രതിക്കൂട്ടിലാണ്. മുന്‍കൂട്ടി തീരുമാനിച്ച സമര പരിപാടികളുമായി യുഡിഎഫ് മുന്നോട്ടു പോകുമെന്നും ചെന്നിത്തല പറഞ്ഞു.