ശബരിമലയിൽ കാണിക്ക ഇടരുതെന്ന് പറഞ്ഞിട്ടില്ല; സുരേഷ് ഗോപിയെ തള്ളി ശ്രീധരൻപിള്ള

കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള മാധ്യമങ്ങളോട് സംസാരിക്കുന്നു. ചിത്രം: ധനേഷ് അശോകൻ

കൊച്ചി∙ ശബരിമലയിൽ കാണിക്ക ഇടരുതെന്ന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. സുരേഷ് ഗോപി പറഞ്ഞെങ്കിൽ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ശബരിമല വിഷയത്തിൽ അങ്ങനെ പലരും വ്യക്തിപരമായ അഭിപ്രായം പറയുന്നുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ദേവസ്വം ബോർഡിനെ വിമർശിച്ചുകൊണ്ട് ദേവസ്വം ബോർഡിലെ അമ്പലങ്ങളിൽ കാണിക്ക വഞ്ചിയിൽ പൈസ ഇടരുതെന്ന് ആഹ്വാനം ചെയ്യുന്ന സുരേഷ് ഗോപി എംപിയുടെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ക്ഷേത്രങ്ങളിൽ ഇത്തരത്തിൽ സാമ്പത്തിക അച്ചടക്കം ഒരു വർഷം പാലിച്ചാൽ ഭക്തർ എന്താണെന്ന് ദേവസ്വം ബോർഡിനും സർക്കാരിനും മനസിലാകും. ഒരു ദേവസ്വം മന്ത്രിയും അഹങ്കരിക്കില്ല. ദൈവത്തിനു നൽകാനുള്ളത് വീട്ടിൽ സൂക്ഷിക്കുന്ന കാണിക്ക വഞ്ചിയിൽ നിക്ഷേപിക്കാമെന്നും ഈ വിഡിയോയിൽ സുരേഷ്ഗോപി പറയുന്നുണ്ട്.