പൊലീസിനെ ചേരിതിരിക്കാൻ ശ്രമം; ഒറ്റപ്പെട്ട ആക്രമണങ്ങളിൽ പതറരുത്: മുഖ്യമന്ത്രി

പിണറായി വിജയൻ

കണ്ണൂർ∙ ഒറ്റപ്പെട്ട ആക്രമണങ്ങളുടെ പേരിൽ പൊലീസുകാർ പതറരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിന്റെ ജാതിയും മതവും പൊലീസാണ്. മതനിരപേക്ഷതയ്ക്കെതിരെ നിൽക്കുന്നവർ പൊലീസിനെ ചേരിതിരിക്കാൻ ശ്രമിക്കുന്നുവെന്നും പിണറായി പറഞ്ഞു. കണ്ണൂർ മാങ്ങാട്ട്പറമ്പ് കെഎപി ക്യാംപില്‍ നടന്ന പാസ്സിങ് ഔട്ട് പരേഡിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂർ മാങ്ങാട്ട്പറമ്പ് കെഎപി ക്യാംപില്‍ നടന്ന പാസ്സിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്നു. ചിത്രം: ധനേഷ് അശോകൻ

പൊലീസ് സേനയില്‍പോലും വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ജാതിയും മതവും പറഞ്ഞ് ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ്. ഇത്തരം ശബ്ദങ്ങളെ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമല സംഘര്‍ഷം നിയന്ത്രിച്ച ഐജി മനോജ് ഏബ്രഹാമിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കണ്ണൂർ മാങ്ങാട്ട്പറമ്പ് കെഎപി ക്യാംപില്‍ നടന്ന പാസ്സിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്നു. ചിത്രം: ധനേഷ് അശോകൻ

മതനിരപേക്ഷത ഭരണഘടനയുടെ ഭാഗമാക്കിയ രാജ്യമാണു നമ്മുടേത്. മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ് കൂടുതൽ. എന്നാലും ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇതിനെതിരെ ശക്തമായ നടപടിയെടുക്കേണ്ടവരാണ് പൊലീസുകാർ. പൊലീസിന് ഒറ്റ മതവും ജാതിയുമേയുള്ളൂ. അവരുടെ ജാതിയും മതവും പൊലീസ് മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൃത്യനിർവഹണത്തിൽ പൊലീസിന്റേത് സുത്യർഹമായ സേവനമാണ്. ഇവരെ ഒറ്റതിരിച്ച് നിർവീര്യമാക്കിക്കളയാം എന്നാണു ചിലർ കരുതുന്നത്. അത്തരക്കാരെ ശക്തമായി എതിർക്കം. ഐക്യവും അച്ചടക്കവുമാണ് സേനയുടെ കരുത്തെന്നും പിണറായി കൂട്ടിച്ചേർത്തു.