കർണാടകയിലേത് പണവും മസിൽ പവറും കൊണ്ടു നേടിയ വിജയം: യെഡിയൂരപ്പ

ബി.എസ്.യെഡിയൂരപ്പ

ബെംഗളൂരു∙ കർണാടക ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ കനത്ത പരാജയത്തിൽ കോൺഗ്രസിനെയും ജെഡിഎസിനെയും കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെഡിയൂരപ്പ. കോൺഗ്രസ് – ജെഡിഎസ് സഖ്യം പണവും കായിക ബലവും ഉപയോഗിച്ചാണ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതെന്നാണ് യെഡിയൂരപ്പയുടെ ആരോപണം. ഫലം വിലയിരുത്തി 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനായി പാർട്ടിയെ സജ്ജമാക്കുമെന്നും യെഡിയൂരപ്പ അറിയിച്ചു.

ശിവമോഗ്ഗ സീറ്റ് ബിജെപി നിലനിർത്തിയെങ്കിലും ബെള്ളാരിയിൽ കോൺഗ്രസിനോടു പരാജയപ്പെട്ടു. ജമാഖണ്ഡി നിയമസഭാ സീറ്റും ഇവർക്കു നഷ്ടമായി. മാണ്ഡ്യയും രാമനഗരയും ജെഡിഎസും നേടി. കോൺഗ്രസും ജെഡിഎസും ഗൂഢാലോചനകൾ നടത്തുന്നതിൽ വിദഗ്ധരാണെന്നാണ് ഉപതിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും യെഡിയൂരപ്പ കൂട്ടിച്ചേർത്തു.

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിൽ 22–23 സീറ്റുകൾ ബിജെപി നേടുമെന്ന് യെഡിയൂരപ്പ ആവർത്തിച്ചു. പ്രചാരണത്തിന്റെ ഭാഗമായി ഉടൻതന്നെ കർണാടക മുഴുവനായി പര്യടനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.