ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടികയറി ദേവസ്വം ബോർഡ് അംഗവും; വിവാദം (വിഡിയോ)

ശങ്കരദാസ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുന്നതിന്റെ വിഡിയോ ദൃശ്യം.

ശബരിമല∙ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയ വിവാദത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗവും കുടുങ്ങി. ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറി ആചാരലംഘനം നടത്തിയ സംഭവം അന്വേഷിക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണു ദേവസ്വംബോർഡ് അംഗം കെ.പി.ശങ്കരദാസും വിവാദത്തിൽപ്പെട്ടത്. ഇദ്ദേഹവും ആചാരലംഘനം നടത്തി പതിനെട്ടാം പടി കയറുകയും ഇറങ്ങുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

സന്നിധാനത്ത് ആഴിപൂജയ്ക്കു വേണ്ടി തന്ത്രിയും മേൽശാന്തിയുമടങ്ങുന്ന സംഘത്തിനൊപ്പം ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറുകയും ഇറങ്ങുകയും ചെയ്തതാണ് ശങ്കരദാസിനു കുരുക്കായത്. തിങ്കളാഴ്ച നട തുറന്ന സമയത്തായിരുന്നു സംഭവം. ആഴിപൂജയ്ക്ക് തന്ത്രിയുടെ നേതൃത്വത്തിൽ പടിയിറങ്ങിയായിരുന്നു എത്തിയിരുന്നത്. പൂജയ്ക്കു ശേഷം തിരികെ പതിനെട്ടാംപടി കയറുകയും ചെയ്യും. ഈ സംഘത്തിനൊപ്പമാണ് ഇരുമുടിക്കെട്ടില്ലാതെ ശങ്കരദാസും പോയത്. 

ഇദ്ദേഹത്തിനെതിരെ നടപടി വേണമെന്നു വൽസന്‍ തില്ലങ്കേരി ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ശബരിമല ദർശനത്തിനെത്തിയ സ്ത്രീയുടെ പ്രായം സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായതിനെ തുടർന്നുള്ള ബഹളത്തിനിടയിലായിരുന്നു വൽസൻ പതിനെട്ടാംപടി കയറിയത്. പ്രത്യേക സാഹചര്യത്തിലാണു താൻ പടി കയറിയതെന്നും അല്ലെങ്കിൽ അവിടെ വലിയ പ്രശ്നമുണ്ടാകുമായിരുന്നെന്നും വൽസൻ പറഞ്ഞു.