തർക്കത്തിനിടെ യുവാവ് വാഹനമിടിച്ചു മരിച്ചു; ഡിവൈഎസ്പിക്കെതിരെ കൊലക്കുറ്റത്തിനു കേസ്

സനൽ കുമാർ

തിരുവനന്തപുരം∙ വാഹനം മാറ്റിയിടുന്നതിനെ ചൊല്ലിയുള്ള വാക്കു തർക്കത്തിനിടെ യുവാവ് വാഹനമിടിച്ചു മരിച്ചു. നെയ്യാറ്റിൻകര ഡിവൈഎസ്പി ഹരികുമാറും സനൽകുമാർ എന്നയാളും തമ്മിലുണ്ടായ തർക്കത്തിനിടെയാണു സംഭവം. ഹരികുമാർ യുവാവിനെ നടുറോഡിലേക്കു തള്ളിയിട്ടതാണ് അപകടത്തിനു കാരണമെന്നാണു സൂചന.

റോഡിൽ വീണ സനൽകുമാർ കാറിടിച്ചു മരിക്കുകയായിരുന്നു. നിസ്സാരകാര്യത്തിനു യുവാവിനെ ക്രൂരമായി മർദ്ദിച്ചെന്നും പരാതിയുണ്ട്. സംഭവത്തെ തുടർന്നു ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. ഇയാൾ ഒളിവിലാണ്. കൊലപാതകം നടത്തിയത് മനഃപ്പൂർവമെന്ന് സംഭവത്തിന്റെ ദൃക്സാക്ഷി പറഞ്ഞു. കാർ വരുന്നതുകണ്ടു അതിനു മുന്നിലേക്കു തള്ളിയിട്ടെന്നു നാട്ടുകാരൻ അനീഷ് മനോരമ ന്യൂസിനോടു പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് നെയ്യാറ്റിൻകരയിൽ ജനകീയ ഹർത്താലിന് ആഹ്വാനമുണ്ട്. 

ഡിവൈഎസ്പി ഹരികുമാറിനെ സസ്പെൻഡ് ചെയ്യും

യുവാവിന്റെ മരണത്തിൽ കുറ്റക്കാരനായ ‍ഡിവൈഎസ്പി ഹരികുമാറിനെ സസ്പെൻഡ് ചെയ്യും. ഹരികുമാറിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. റിപ്പോർട്ട് റൂറൽ എസ്പി ഇന്ന് ഡിജിപിക്ക് കൈമാറും. ഡിവൈഎസ്പിയുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണു പൊലീസ് നിലപാട്. സംഭവ സമയത്ത് ഡ്യൂട്ടിയിൽ ആയിരുന്നില്ല. പ്രകോപനമുണ്ടാക്കി. പൊലീസിനെ അറിയിച്ചു പ്രശ്നം നേരിടേണ്ടിയിരുന്നതാണെന്നും അന്വേഷണ സംഘം വിലയിരുത്തി.