സന്നിധാനത്ത് അക്രമം കാട്ടിയവര്‍ കുടുങ്ങും; 150 പേരുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു

അക്രമം നടത്തിയവർ എന്നു കാട്ടി പൊലീസ് പുറത്തുവിട്ട ആൽബത്തിലെ ചിലരുടെ ചിത്രങ്ങൾ.

തിരുവനന്തപുരം∙ ചിത്തിര ആട്ടത്തിരുനാളിന് നവംബർ 5,6 തീയതികളില്‍ ശബരിമല നട തുറന്നപ്പോള്‍ സന്നിധാനത്ത് അക്രമങ്ങള്‍ കാണിച്ചവരുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു. 150 പേരുടെ ഫോട്ടോയാണ് ആദ്യഘട്ടമായി പുറത്തു വിട്ടത്. ഫോട്ടോകളിലുള്ളവരെ തിരിച്ചറിഞ്ഞ് നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ജില്ലാ പൊലീസ് മേധാവികള്‍ക്ക് അയച്ചു കൊടുത്തു.

നിയമവിരുദ്ധമായി സംഘം ചേരുക, ആയുധങ്ങളുമായി സംഘംചേരുക, കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുക, സ്ത്രീകളെ അപമാനിക്കുക, കൊലപാതകശ്രമം, ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി സന്നിധാനത്ത് സ്ഥാപിച്ച ക്യാമറകളില്‍നിന്നും വിഡിയോ ദൃശ്യങ്ങളില്‍നിന്നുമാണ് അക്രമികളെ തിരിച്ചറിഞ്ഞത്. അക്രമികളെ തിരിച്ചറിയാനുള്ള പരിശോധനകള്‍ തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ചിത്തിര ആട്ടത്തിരുനാളിന് മുന്നോടിയായി മൂന്നാം തീയതി രാത്രി 12 മുതല്‍ ആറാം തീയതി രാത്രി 12വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് പത്തനംതിട്ട ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൂട്ടംകൂടുന്നതും ആയുധം കൈവശം വയ്ക്കുന്നതും വിലക്കിയ പൊലീസ് നിലയ്ക്കല്‍ മുതല്‍ ശബരിമലവരെ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിരുന്നു.

2,800 പൊലീസിനെയാണ് ശബരിമലയില്‍ വിന്യസിച്ചത്. എന്നാല്‍ സന്നിധാനത്ത് ആരെയും കൂടുതല്‍ സമയം തങ്ങാന്‍ അനുവദിക്കില്ലെന്ന പൊലീസ് തീരുമാനം നടപ്പിലായില്ല. പതിനെട്ടാം പടിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ പിന്‍മാറിയതോടെ പ്രതിഷേധക്കാര്‍ പതിനെട്ടാം പടിയുടെ നിയന്ത്രണം ഏറ്റെടുത്തു. ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി പൊലീസ് മൈക്ക് ഉപയോഗിച്ച് പ്രവര്‍ത്തകരെ നിയന്ത്രിക്കുന്ന സ്ഥിതിയുണ്ടായി. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മണ്ഡല മകരവിളക്ക് ഉത്സവത്തിന് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനാണ് പൊലീസ് തീരുമാനം. 12ന് ചേരുന്ന ഉന്നതതല യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.