കലിഫോര്‍ണിയയില്‍ കലിതുള്ളി കാട്ടുതീ: 9 മരണം; ഒരു നഗരം പൂര്‍ണമായി കത്തിനശിച്ചു

കലിഫോര്‍ണിയയില്‍ പടര്‍ന്ന കാട്ടുതീ നിയന്ത്രിക്കാനുള്ള ശ്രമം.

കലിഫോര്‍ണിയ ∙ വടക്കന്‍ കലിഫോര്‍ണിയയില്‍ മൂന്നിടത്തുണ്ടായ അതിശക്തമായ കാട്ടുതീയില്‍ ഒമ്പതു പേര്‍ മരിച്ചു. ഒന്നര ലക്ഷത്തോളം പേരെ വീടുകളില്‍നിന്ന് ഒഴിപ്പിച്ചു. അഞ്ചു പേരുടെ വെന്തെരിഞ്ഞ മൃതദേഹം കാറിനുള്ളിലാണു കണ്ടെത്തിയത്. പാരഡൈസ് നഗരം പൂര്‍ണമായും കത്തിനശിച്ചു. ഏഴായിരത്തോളം കെട്ടിടങ്ങളാണ് അഗ്നിക്കിരയായത്. 35 പേരെ കാണാതായിട്ടുണ്ട്. 

കലിഫോര്‍ണിയയില്‍ പടര്‍ന്ന കാട്ടുതീ നിയന്ത്രിക്കാനുള്ള ശ്രമം.

ലൊസാഞ്ചലസിനു പടിഞ്ഞാറന്‍ ഭാഗത്ത് പടര്‍ന്ന കാട്ടുതീ ഒരു പ്രധാന ദേശീയപാതയും കടന്നു തീരപ്രദേശത്തേക്കു നീങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ഇവിടെ നിരവധി വീടുകള്‍ അഗ്നിക്കിരയായി. ശക്തമായ കാറ്റില്‍ കാട്ടുതീ കൂടുതല്‍ പ്രദേശങ്ങളിലേക്കു പടരുന്നതു കടുത്ത ആശങ്കയ്ക്കിടയാക്കായിട്ടുണ്ട്. ഏതാണ്ട് 14000 ഏക്കറിലേറെ സ്ഥലം അഗ്നി വിഴുങ്ങി.

ലെസാഞ്ചലസില്‍നിന്ന് 64 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് തൗസന്റ് ഓക്‌സ് എന്ന സ്ഥലത്താണ് ഒരു കാട്ടുതീ ആരംഭിച്ചത്. ഇവിടെ 75000 വീടുകള്‍ ഒഴിപ്പിച്ചു. തുടര്‍ന്ന് കലാബസാസ്, മാലിബു, ലൊസാഞ്ചലസിന്റെ പടിഞ്ഞാറന്‍ മേഖല എന്നിവിടങ്ങളില്‍നിന്നും ആളുകളെ ഒഴിപ്പിച്ചു. ഹോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ താമസിക്കുന്ന പ്രദേശങ്ങളാണ് കലാബസാസും മാലിബുവും. 

വടക്കന്‍ കലിഫോര്‍ണിയയില്‍ ക്യാംപ് ക്രീക്കിനു സമീപത്താണു മറ്റൊരു കാട്ടുതീ ആരംഭിച്ചത്. പാരഡൈസ് ടൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. ഇവിടെയാണ് അഞ്ചു പേര്‍ കാറിനുള്ളില്‍ വെന്തു മരിച്ചത്. മണിക്കൂറില്‍ 56 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറന്‍ ഭാഗത്തേക്കാണു തീ പടരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. വടക്കന്‍ കലിഫോര്‍ണിയയില്‍ നിലവില്‍ സജീവമായിരിക്കുന്ന 16 കാട്ടുതീകളില്‍ മൂന്നെണ്ണമാണ് ഇപ്പോള്‍ രൂക്ഷമായത്.