ശബരിമല: തീർഥാടകവേഷത്തിൽ തീവ്രവാദികൾ എത്താൻ സാധ്യതയെന്ന് പൊലീസ്

ശബരിമല സന്നിധാനം

തിരുവനന്തപുരം∙ തീവ്രവാദ ഗ്രൂപ്പുകളില്‍നിന്നും ദേശവിരുദ്ധ ശക്തികളില്‍നിന്നും ഭീഷണിയുള്ളതിനാല്‍ ശബരിമലയിലെ സുരക്ഷ ശക്തമാക്കണമെന്ന് ഡിജിപിയുടെ നിര്‍ദേശം. വിവിധ സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഡിജിപി നിര്‍ദേശം നല്‍കിയത്.

ശബരിമലയിൽ തീവ്രവാദികൾ എത്താൻ സാധ്യതയുണ്ടെന്നുള്ള പൊലീസിന്റെ റിപ്പോർട്ട്.

കാടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാലും കാട്ടിലൂടെ ദീര്‍ഘനേരം സഞ്ചരിക്കേണ്ടതിനാലും തീര്‍ഥാടകരുടെ വേഷത്തില്‍ തീവ്രവാദികള്‍ എത്താനുള്ള സാധ്യതകള്‍ ഏറെയാണെന്നു പൊലീസ് വിലയിരുത്തുന്നു. ജില്ലാ പൊലീസ് മേധാവികളും സംസ്ഥാന ഇന്റലിജന്‍സും സ്പെഷ്യല്‍ ബ്രാഞ്ച് സിഐഡി വിഭാഗവും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് ഡിജിപി നിര്‍ദേശിച്ചു.

കേരളത്തിന്റെ തീരദേശം വഴിയാണ് തീവ്രവാദ സംഘടനകള്‍ സ്ഫോടക വസ്തുക്കളും ആയുധങ്ങളും കടത്തുന്നത്. തീരദേശ ജില്ലകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഇതിനെതിരെ നടപടികള്‍ സ്വീകരിക്കണം. ശബരിമല സീസണില്‍ തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്റലിജന്‍സ് വിഭാഗം നിരീക്ഷിക്കുന്നുണ്ട്. അവരുമായി ചേര്‍ന്നു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. മറ്റു സംസ്ഥാനങ്ങളിലെ ഇന്റലിജന്‍സ് ഏജന്‍സികളുടെ സഹായവും ഇക്കാര്യത്തില്‍ തേടണം. പമ്പയിലും സന്നിധാനത്തിലും സ്പെഷ്യല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ് ഡിവൈഎസ്പിമാരെ നിയമിച്ച് നിരീക്ഷണം നടത്തണം.

തീര്‍ഥാടകര്‍ കൊണ്ടുവരുന്ന ഇരുമുടി കെട്ടില്‍ തീവ്രവാദ സംഘടനകളും ദേശവിരുദ്ധ ശക്തികളും സ്ഫോടക വസ്തുക്കള്‍ കടത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ഓര്‍മപ്പെടുത്തുന്നു. റിമോര്‍ട്ട് കണ്‍ട്രോള്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ പല തീവ്രവാദ സംഘടനകള്‍ക്കും വൈദഗ്ധ്യമുണ്ടെന്ന കാര്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓര്‍മിക്കണം. സംശയമുള്ളവരുടെ ഇരുമുടികെട്ട് പരിശോധിക്കണം. സംശയം തോന്നുന്ന ആളുകളെയും വസ്തുക്കളെയും പരിശോധിക്കണം. കുടിവെള്ള ടാങ്കുകള്‍, ഇലക്ട്രിക് കണക്ഷനുകള്‍, ശ്രീകോവില്‍, മാളിക്കപ്പുറം ക്ഷേത്രം ഗണപതി കോവില്‍ പാര്‍ക്കിങ് സ്ഥലം എന്നിവിടങ്ങളിലെല്ലാം പ്രത്യേക ശ്രദ്ധവേണമെന്നും നിര്‍ദേശമുണ്ട്.

ട്രാക്ടറുകള്‍ വഴി സന്നിധാനത്തേക്ക് കൊണ്ടുപോകുന്ന വസ്തുക്കള്‍ നീരീക്ഷണമെന്നു കേന്ദ്ര ഏജന്‍സികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. കാക്കി പാന്‍സ് ധരിച്ചു വരുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കണം. അമ്പലം സന്ദര്‍ശിക്കാനെത്തുന്ന വിദേശികളുടെ പ്രത്യേക ലിസ്റ്റ് തയാറാക്കണം. ശബരിമലയിലേക്ക് വെള്ളമെത്തിക്കുന്ന ജലസംഭരണികളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.