തലകറങ്ങി വീണ വയോധികന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ ലഭിക്കാതെ മരിച്ചു

ആലപ്പുഴ ∙ തലകറങ്ങി വീണ വയോധികന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ ജനറല്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. തോട്ടപ്പള്ളി പാണ്ഡ്യന്‍ പറമ്പ് കൊച്ചുവാവ (75) ആണു മരിച്ചത്. കോണ്‍ഗ്രസിന്റെ അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ തോട്ടപ്പള്ളി 187ാം നമ്പര്‍ ബൂത്ത് പ്രസിഡന്റാണ്.

ഇന്ന് ഉച്ചയ്ക്കു വീടിനടുത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടയില്‍ തലകറങ്ങിയ കൊച്ചുവാവയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഡോക്ടര്‍മാര്‍ സിടി സ്‌കാന്‍ പരിശോധനയ്ക്കു നിര്‍ദേശിച്ചെങ്കിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സിടി സ്‌കാന്‍ രണ്ടു ദിവസമായി തകരാറായതിനാല്‍ രോഗിയെ ബന്ധുക്കള്‍ക്കൊപ്പം ആലപ്പുഴ ജനറല്‍ ആശുപത്രിയിലേക്കു വിടുകയായിരുന്നു. ജനറല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും കൊച്ചുവാവ മരിച്ചു.