ശബരിമല: ശ്രീധരൻപിള്ളയ്ക്കും തന്ത്രിക്കും എതിരായ കോടതിയലക്ഷ്യ ഹർജികൾ തടഞ്ഞു

തന്ത്രി കണ്ഠര് രാജീവര്, ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള

ന്യൂഡൽഹി ∙ ശബരിമല വിധി സംബന്ധിച്ച് കോടതിയലക്ഷ്യ ഹർജികൾക്ക് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അനുമതി നൽകിയില്ല. വിധിയെ എതിർത്തവരുടേത് ക്രിയാത്മക വിമർശനമാണെന്നും വാർത്തകളുടെ അടിസ്ഥാനത്തിൽ കോടതിയലക്ഷ്യഹർജികൾ അനുവദിക്കാനാവില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള, തന്ത്രി കണ്ഠര് രാജീവര് എന്നിവർക്കെതിരായാണ് ഹർജികൾ സമർപ്പിച്ചത്.

സുപ്രീം കോടതിയിൽ കോടതിയലക്ഷ്യഹർജി സമർപ്പിക്കാൻ അറ്റോർണി ജനറലിന്റെയോ സോളിസിറ്റർ ജനറലിന്റെയോ അനുമതി വേണമെന്നാണു ചട്ടം. ശബരിമലയിൽ യുവതീപ്രവേശ വിധി നടപ്പാക്കുന്നതു തടസ്സപ്പെടുത്തിയവർക്കെതിരെ കോടതിയലക്ഷ്യത്തിനു ഹർജി നൽകാൻ ഡോ.ടി.ഗീനാ കുമാരി, എ.വി.വർഷ എന്നിവരാണ് അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാലിന്റെ അനുമതി തേടിയത്.

എന്നാൽ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നൽകിയ ഭൂരിപക്ഷ വിധിയെ എതിർക്കുകയും ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിധിയെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്ന അറ്റോർണി ജനറൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനായി സോളിസിറ്റർ ജനറലിനോട് ആവശ്യപ്പെടുകയായിരുന്നു.

സുപ്രീം കോടതിക്ക് എതിരെ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള, കൊല്ലം തുളസി എന്നിവര്‍ക്ക് എതിരെയും ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര്‍, പി.രാമവര്‍മ രാജ, കെ.ജി. മുരളീധരൻ‍ ഉണ്ണിത്താൻ എന്നിവര്‍ക്ക് എതിരെയും കോടതിയലക്ഷ്യത്തിന് വ്യത്യസ്ത ഹർജികളിലൂടെ ഡോ.ടി.ഗീനാ കുമാരി, എ.വി.വർഷ എന്നിവർ അറ്റോർണി ജനറലിനെ സമീപിച്ചത്. അനുമതി നിഷേധിച്ച സാഹചര്യത്തിൽ ഹർജിക്കാർക്ക് സുപ്രീം കോടതിയെ ഇനി നേരിട്ട് സമീപിക്കാനാകും.