മലബാർ സിമന്റ്സ്: വി.എം. രാധാകൃഷ്ണന്‍ സിപിഎമ്മില്‍നിന്നു വാങ്ങിയ കെട്ടിടം കണ്ടുകെട്ടി

തിരുവനന്തപുരം∙ മലബാർ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് വി.എം. രാധാകൃഷ്ണന്റെ കെട്ടിടം കണ്ടുകെട്ടി. സിപിഎമ്മിൽനിന്ന് രാധാകൃഷ്ണൻ വാങ്ങിയ കെട്ടിടമാണു കണ്ടുകെട്ടിയത്. എൻഫോഴ്സ്മെന്റ് ‍ഡയറക്ടറേറ്റാണു നടപടിയെടുത്തത്. തിരുവനന്തപുരത്ത് ദേശാഭിമാനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കെട്ടിടമാണ് ഇത്. 2012 ജൂലൈയിലാണ് ഇടപാട് നടന്നത്. 32 സെന്റ് ഭൂമിയും കെട്ടിടവും 3.3 കോടി രൂപയ്ക്കാണു വിറ്റത്. ഇടപാടിൽ വില കുറച്ചു കാണിച്ചെന്നും ബെനാമി ഇടപാടാണെന്നും അന്നേ വിമര്‍ശനം ഉയർന്നിരുന്നു.

100 കോടിയിലേറെ രൂപ വില മതിക്കുന്ന സ്വത്തുക്കളാണ് രാധാകൃഷ്ണന്റെതായി ഇതുവരെ കണ്ടുകെട്ടിയിട്ടുള്ളത്, മലബാർ സിമന്റ്സില്‍ അസംസ്കൃത വസ്തുക്കളും പാക്കേജിങ് സാധനങ്ങളും വാങ്ങിയതിൽ നഷ്ടം വരുത്തിയെന്ന കേസിലാണ് കരാറുകാരനായ രാധാകൃഷ്ണന്റെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത്. സര്‍ക്കാരിന്റെ കീഴിലുള്ള സിമന്റ് കമ്പനിക്ക് ഇടപാടുകളിൽ ആകെ 23.82 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണു കണ്ടെത്തൽ. മുൻപ് രാധാകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകൾ കണ്ടുകെട്ടിയിരുന്നു.