ശ്രീധരൻ പിള്ളയ്ക്കെതിരായ കേസ് റദ്ദാക്കാനാവില്ല; സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി∙ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയ്ക്കെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. വിവാദ പ്രസംഗത്തിന്റെ പേരിലുള്ള പൊലീസ് കേസ് റദ്ദാക്കണമെന്ന ശ്രീധരൻപിള്ളയുടെ ഹർജി പരിഗണിക്കുമ്പോഴാണ് സർക്കാർ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചത്. ശ്രീധരൻ പിള്ളയുടെ പ്രസംഗത്തെ തുടർന്ന് സന്നിധാനത്ത് സംഘർഷമുണ്ടായി. രഥയാത്രയിലൂടെ ജനങ്ങളെ പരിഭ്രാന്തരാക്കാനാണ് ശ്രീധരൻ പിള്ള ശ്രമിക്കുന്നത്. 52 വയസുള്ള സ്ത്രീയെ വരെ ശബരിമലയിൽ തടയുന്ന സ്ഥിതി വിശേഷം ഉണ്ടായി. 

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ യുവതീപ്രവേശം  തടയുകയാണ് ശ്രീധരൻപിള്ള ലക്ഷ്യമിട്ടത്. ശ്രീധരൻ പിള്ള നടത്തിയ പ്രസംഗം അനുസരിച്ച് ശബരിമല തന്ത്രിയോട് സുപ്രീം കോടതി ഉത്തരവ് ലംഘിക്കാനാണ് ആവശ്യപ്പെട്ടത്. 10 നും 50 നും വയസിനു ഇടയിൽ ഉള്ള സ്ത്രീകൾ മലയിൽ കയറാതെ ഇരിക്കാൻ പോരാട്ടം നടത്തണം എന്ന് ശ്രീധരൻ പിള്ള പറഞ്ഞു. ഈ പ്രസംഗത്തിന് ശേഷം സ്ത്രീകളെ ഉപദ്രവിച്ചതിന് രണ്ട് കേസുകൾ പമ്പയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.

അതേ സമയം പ്രസംഗം കേൾക്കാതെയാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തതെന്ന് ശ്രീധരൻപിള്ള കോടതിയിൽ വാദിച്ചു. സ്വകാര്യ പരിപാടിയിലായിരുന്നു തന്റെ പ്രസംഗം. പൊതുജനങ്ങളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല എന്നുമാണ് ശ്രീധരൻ പിള്ള ഉയർത്തിയ വാദഗതി. ശ്രീധരൻപിള്ളയ്ക്കെതിരായ പരാതി നിലനിൽക്കുന്നതാണോ എന്നതാണ് ചോദ്യമെന്ന് ഹൈക്കോടതി പറഞ്ഞു. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി. 

പ്രസംഗത്തിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കോഴിക്കോട് കസബ പൊലീസ് ശ്രീധരൻ പിള്ളയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചെന്നും കലാപത്തിന് ആഹ്വാനം ചെയ്തുവെന്നുമുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് നടന്ന യുവമോർച്ചയുടെ യോഗത്തിലാണ് ശ്രീധരൻ പിള്ള പരാതിക്കു കാരണമായ പ്രസംഗം നടത്തിയത്. ഇത് പൊതു സ്ഥലത്ത് പ്രസംഗിച്ചതാണെന്നും സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ലൈവ് ചെയ്തിരുന്നെന്നും വിവാദം ഉയർന്നപ്പോൾ ശ്രീധരൻ പിള്ള തന്നെ വ്യക്തമാക്കിയിരുന്നു.