സർക്കാരിനും പൊലീസിനും വൻ ‘സുരക്ഷാ കടമ്പ’; നട തുറക്കുന്നത് 64 ദിവസം

തിരുവനന്തപുരം ∙ ശബരിമലയില്‍ യുവതീപ്രവേശം ആകാമെന്ന മുന്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചതോടെ മണ്ഡല മകരവിളക്ക് കാലത്തു ശബരിമലയിലെത്തുന്ന യുവതികള്‍ക്കു സര്‍ക്കാര്‍ സുരക്ഷ ഒരുക്കേണ്ടി വരും. തുലാമാസ പൂജാ സമയത്തും ചിത്തിര ആട്ടത്തിരുനാളിനും പ്രതിഷേധ സമരങ്ങളെ നേരിട്ട പൊലീസിനു മണ്ഡല മകരവിളക്ക് തീർഥാടനകാലം വലിയ വെല്ലുവിളി നിറഞ്ഞതാകും.  

തുലാമാസത്തിലും ചിത്തിര ആട്ടത്തിരുന്നാളിനും ദിവസങ്ങള്‍ മാത്രമാണു നട തുറന്നത്. മണ്ഡല മകരവിളക്ക് ഉൽസവത്തോടനുബന്ധിച്ച് 64 ദിവസമാണു നട തുറക്കുന്നത്. ഈ മാസം 16ന് തുറക്കുന്ന നട ഡിസംബര്‍ 27നാണ് അടയ്ക്കുക. 27നാണു മണ്ഡലപൂജ. ഡിസംബര്‍ 30ന് വീണ്ടും തുറക്കുന്ന നട ജനുവരി 20ന് അടയ്ക്കും. ജനുവരി 11നാണു പേട്ട തുള്ളല്‍. 14ന് മകരവിളക്ക്. 20ന് നട അടച്ച് 2 ദിവസം കഴിഞ്ഞേ സുപ്രീം കോടതി കേസ് പരിഗണിക്കൂ. അതുവരെ പഴുതടച്ച സുരക്ഷാ സംവിധാനം ഒരുക്കേണ്ട ഉത്തരവാദിത്തമാണു പൊലീസിന്.

വിശദമായ സുരക്ഷാ പദ്ധതിയാണു ശബരിമലയ്ക്കായി തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ 2800 പൊലീസിനെയാണു വിന്യസിച്ചത്. ഇത്തവണ പതിനായിരത്തിന് മുകളില്‍ പൊലീസുകാര്‍ ശബരിമലയുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുണ്ടാകും. 5 ഘട്ടങ്ങളായാണു പൊലീസിനെ വിന്യസിക്കുന്നത്. ഈ മാസം 14 മുതല്‍ 30 വരെയാണ് ആദ്യഘട്ടം. 30 മുതല്‍ ഡിസംബര്‍ 14 വരെ രണ്ടാംഘട്ടം. 14 മുതല്‍ 29 വരെ മൂന്നാംഘട്ടം. 29 മുതല്‍ ജനുവരി 16 വരെ നാലാംഘട്ടം. 16 മുതല്‍ 20 വരെ അഞ്ചാംഘട്ടം. 

സൗത്ത് സോണ്‍ എഡിജിപി അനില്‍കാന്താണ് ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്റര്‍. എഡിജിപി അനന്തകൃഷ്ണന്‍ കോ– ചീഫ് കോ-ഓര്‍ഡിനേറ്റര്‍. സേനാ വിന്യാസത്തിന്റെ ഉത്തരവാദിത്തം തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമിനാണ്. വനിതാ ബറ്റാലിയന്‍ കമന്‍ഡാന്റിന്റെ േനതൃത്വത്തില്‍ ഒരു കമ്പനി വനിതാ പൊലീസിനെയും 30 വനിതാ കമാന്‍ഡോകളെയും മണിയാറിലെ കെഎപി അ‍ഞ്ചാം ബറ്റാലിയനില്‍ വിന്യസിക്കും.

ശബരിമല

പമ്പയിലും സന്നിധാനത്തും കൂടുതല്‍ സിസിടിവി ക്യാമറകള്‍ ബോര്‍ഡിന്റെ സഹായത്തോടെ സ്ഥാപിക്കുന്നതു പുരോഗമിക്കുകയാണ്. മേലെ തിരുമുറ്റത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്കു കയ്യില്‍ ധരിക്കാന്‍ പ്രത്യേക ബാന്‍ഡുകള്‍ നല്‍കും. ഇതിനുവേണ്ടി പ്രത്യേക റജിസ്റ്റർ സൂക്ഷിക്കാൻ നിര്‍ദേശം നല്‍കി. ജനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ സന്നിധാനത്തും പമ്പയിലും വാച്ച് ടവറുകള്‍ ഉണ്ടാകും. സുരക്ഷയ്ക്കായി കമാന്‍ഡോകളെയും ക്വിക്ക് റിയാക്‌ഷന്‍ ടീമിനെയും സന്നിധാനത്തു വിന്യസിക്കും.