നിപ കാലത്ത് സേവനമനുഷ്ഠിച്ചവരെ പിരിച്ചുവിടില്ല; ഒടുവില്‍ ആശ്വാസ നടപടി

കോഴിക്കോട് മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാർ, മന്ത്രി കെ.കെ.ശൈലജ.

കോഴിക്കോട്∙ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ കോഴിക്കോട് മെഡിക്കൽ കോളജിലെ താല്‍കാലികജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം റദ്ദാക്കി. ഇവരുടെ കരാര്‍ കാലാവധി അടുത്തമാസം 31വരെ നീട്ടി. എന്നാല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനാകില്ലെന്നും തുടര്‍കരാറുകളില്‍ മുന്‍ഗണന നല്‍കുമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണു നടപടി.

നിപ വാര്‍ഡില്‍ ജോലിചെയ്ത 42 കരാ‍ര്‍ ജീവനക്കാരെയും പിരിച്ചുവിടാനുള്ള തീരുമാനം മനോരമ ന്യൂസാണു പുറത്തുവിട്ടത്. കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സാങ്കേതിക തടസ്സമുണ്ട്. ഇവര്‍ക്ക് ഇനിയുള്ള കരാര്‍ നിയമനങ്ങളില്‍ മുന്‍ഗണന നല്‍കുമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ വാര്‍ത്തയോട് പ്രതികരിച്ചു.

സ്ഥിരപ്പെടുത്തുമെന്ന വാഗ്ദാനം നടപ്പായില്ലെങ്കിലും കരാര്‍കാലാവധി നീട്ടാന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും തീരുമാനിച്ചു.ഡിസംബര്‍ മുപ്പത്തിയൊന്നിന് ശേഷം തുടര്‍കരാര്‍സംബന്ധിച്ച് ആലോചിക്കും.നിപവാര്‍ഡില്‍ മരണഭയം മൂലം ആരും ജോലിക്കെത്താതിരുന്ന കാലത്ത് സധൈര്യം മുന്നോട്ടുവന്ന ജീവനക്കാര്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇവര്‍ക്ക് പാരിതോഷികങ്ങളും സ്ഥിരംനിയമനവും വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ആവശ്യംകഴിഞ്ഞപ്പോള്‍ പിരിച്ചുവിടാനുള്ള നീക്കമാണ് തല്‍കാലം നിര്‍ത്തിവെച്ചിരിക്കുന്നത്.