ശനിയാഴ്ച ശബരിമലയിൽ എത്തുമെന്ന് തൃപ്തി ദേശായി; അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്

ന്യൂഡൽഹി∙ ആറ് വനിതകൾക്കൊപ്പം മണ്ഡലകാലത്ത് ശബരിമലയിൽ എത്തുമെന്ന് ഭൂമാതാ ബ്രിഗേ‍ഡ് നേതാവ് തൃപ്തി ദേശായി. ഈമാസം 17ന് ശനിയാഴ്ചയാകും ശബരിമലയിൽ ദർശനത്തിനെത്തുക. മല ചവിട്ടാതെ തിരികെ പോകില്ലെന്നും തൃപ്തി പറയുന്നു. സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രി പിണറായി വിജയനും കത്തെഴുതിയതായും തൃപ്തി അറിയിച്ചു. എന്നാല്‍ അത്തരമൊരു കത്ത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചു. പൊലീസിന് കത്തു നല്‍കിയിട്ടുണ്ടോ എന്ന് അറിയില്ലെന്നും അവര്‍ വ്യക്തമാക്കി.

മണ്ഡലകാലത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ ശബരിമലയിൽ ദർശനത്തിനെത്തുമെന്ന് തൃപ്തി പ്രഖ്യാപിച്ചിരുന്നു. ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ആവശ്യപ്പെട്ട് നടത്തിയ നിയമനടപടികളിലൂടെ ശ്രദ്ധേയ ആണ് തൃപ്തി ദേശായി. ശബരിമലയിൽ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന് സെപ്റ്റംബർ 28ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെ തുലാമാസ പൂജയ്ക്കും ചിത്തര ആട്ടത്തിരുന്നാളിന് നട തുറന്നപ്പോഴും യുവതികളെത്തിയിരുന്നു. എന്നാൽ പ്രതിഷേധം കനത്തതോടെ ദർശനം നടത്താതെ ഇവർ മടങ്ങി. 550–ൽ പരം യുവതികളാണ് ഇതിനകം മണ്ഡലകാലത്തേക്ക് ദർശനത്തിനായി ഓൺലൈൻ ബുക്ക് ചെയ്തിരിക്കുന്നത്.