ശബരിമല മണ്ഡലകാല തീര്‍ഥാടനം: ഇന്നത്തെ ദിനം നിര്‍ണായകം

തിരുവനന്തപുരം ∙  മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട തുറക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ ഇന്നത്തെ ദിനം നിര്‍ണായകം. സര്‍ക്കാര്‍ വിളിച്ചിരിക്കുന്ന സര്‍വകക്ഷി യോഗം ഉള്‍പ്പെടെ നിരവധി ചര്‍ച്ചകളാണ് തിരുവനന്തപുരത്തു നടക്കുന്നത്. പ്രശ്‌നപരിഹാരത്തിനുള്ള അവസാന ശ്രമമെന്ന നിലയിലാണ് സര്‍വകക്ഷി യോഗത്തെ ഏവരും ഉറ്റുനോക്കുന്നത്.

∙രാവിലെ 10.30: ദേവസ്വം ബോര്‍ഡ് യോഗം

സുപ്രീംകോടതി വിധിയും ശബരിമലയിലെ മുന്നൊരുക്കങ്ങളും ചര്‍ച്ചയാകും. സര്‍വകക്ഷിയോഗത്തിനുശേഷം സര്‍ക്കാര്‍ തീരുമാനത്തിനനുസരിച്ച് മുന്നോട്ടു പോകും

∙ രാവിലെ 11 മണി: മുഖ്യമന്ത്രിയുടെ ചേംബറില്‍ സര്‍വകക്ഷിയോഗം. നിയമസഭയില്‍ പ്രാതിനിധ്യമുള്ളതും ഇല്ലാത്തതുമായ പാര്‍ട്ടികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 

സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനിന്നാല്‍ മണ്ഡലകാലം പ്രതിഷേധ സമരങ്ങള്‍ക്ക് സാക്ഷിയാകും. സര്‍ക്കാര്‍ കടുംപിടിത്തം തുടര്‍ന്നാല്‍ യോഗം ബഹിഷ്‌കരിക്കാനാണു പ്രതിപക്ഷത്തിന്റെ തീരുമാനം.

∙ വൈകിട്ട് 3 മണി: തന്ത്രിയുമായും പന്തളം കൊട്ടാരം പ്രതിനിധികളുമായും ചര്‍ച്ച

യുവതീപ്രവേശനം അനുവദിക്കരുതെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്ന് കൊട്ടാരം പ്രതിനിധികള്‍

∙ വൈകിട്ട് 5 മണി: പൊലീസ് ഉന്നതതലയോഗം

സര്‍വകക്ഷിയോഗത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ശബരിമലയില്‍ സുരക്ഷ ശക്തമാക്കും. പൊലീസ് വിന്യാസത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ചര്‍ച്ചയാകും.

ശബരിമല തീര്‍ഥാടനകാലം തുടങ്ങും മുന്‍പ് വിവാദങ്ങളില്‍നിന്ന് ഒഴിഞ്ഞു മാറാനുള്ള സര്‍ക്കാരിന്റെ അവസാന ശ്രമമാണ് ഇന്നത്തെ സര്‍വകക്ഷിയോഗം. മുന്‍ നിലപാടുകള്‍ മയപ്പെടുത്തിയെന്ന തോന്നലുളവാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞതോടെ പ്രതിപക്ഷ കക്ഷികളും ചര്‍ച്ചയില്‍ പ്രതീക്ഷ പുലര്‍ത്തുന്നു. യുവതീ പ്രവേശനമാകാമെന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ വിധി നടപ്പിലാക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിയിട്ടില്ല. എന്നാല്‍ വിധി നടപ്പിലാക്കിയാലുണ്ടാകുന്ന പ്രശ്നങ്ങളെ മനസിലാക്കി ചര്‍ച്ചയുടെ പാത തുറന്നിടുന്നു. 64 ദിവസം ശബരിമലയില്‍ സുരക്ഷ ഒരുക്കുന്നതടക്കമുള്ള വിഷയങ്ങള്‍ സര്‍ക്കാരിന് മുന്നിലുണ്ട്. 

ചിത്തിര ആട്ടത്തിരുനാളിന് നടന്ന തുറന്നപ്പോഴുണ്ടായ പ്രശ്നങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാഹചര്യം ദേശവിരുദ്ധ ശക്തികള്‍ മുതലെടുക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും സര്‍ക്കാരിനു മുന്നിലുണ്ട്. എത്ര സുരക്ഷ ഒരുക്കിയാലും ഭക്തരെ തടയുന്നതിനു പരിമിതികളുണ്ടെന്ന തിരിച്ചറിവും സര്‍ക്കാര്‍ മുന്‍ നിലപാട് മയപ്പെടുത്തുന്നതിനു കാരണമായി. എല്ലാ പാര്‍ട്ടികളില്‍നിന്നും അഭിപ്രായം അറിഞ്ഞശേഷം നിയമോപദേശം തേടാനാണ് സര്‍ക്കാര്‍ തീരുമാനം. തന്ത്രിയുമായും പന്തളം കൊട്ടാരം പ്രതിനിധികളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ശബരിമല നട 16ന് തുറക്കുന്നതിനാല്‍ സര്‍ക്കാരിനു വേഗത്തില്‍ തീരുമാനമെടുക്കേണ്ടിവരും.

സംഘര്‍ഷം ഒഴിവാക്കി ശാശ്വതമായ പരിഹാരം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍  പ്രതികരിച്ചത്. പ്രശ്നപരിഹാരത്തിനാണ് ശ്രമമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കുന്നു. വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍‌ സാവകാശം തേടുമെന്ന പ്രചാരണങ്ങള്‍ക്ക് ഇത് ശക്തിപകരുന്നുണ്ട്. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസ്. 22വരെ സുപ്രീംകോടതി വിധി നടപ്പിലാക്കരുതെന്നും പഴയ സ്ഥിതി തുടരണമെന്നും അവര്‍ ആവശ്യപ്പെടുന്നു. 

പ്രളയത്തില്‍ പമ്പയില്‍ നാശനഷ്ടം ഉണ്ടായ സാഹചര്യത്തില്‍ വിധി നടപ്പിലാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടാമെന്നും നിര്‍ദേശമുണ്ട്. സ്ത്രീ പ്രവേശം അനുവദിക്കരുതെന്ന നിലപാട് യോഗത്തില്‍ വ്യക്തമാക്കുമെന്ന് ബിജെപി നേതൃത്വം പറയുന്നു. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന തീരുമാനമുണ്ടായാല്‍ ശക്തമായ സമര പരിപാടികള്‍ തുടരാനാണ് പാര്‍ട്ടി തീരുമാനം. യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ സമര പരിപാടികള്‍ പാര്‍ട്ടി ആസൂത്രണം ചെയ്യും.

രാവിലെ ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്നു സാഹചര്യങ്ങള്‍ വിലയിരുത്തും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ എന്തു നടപടി സ്വീകരിക്കണമെന്നു ബോര്‍ഡ് നിയമോപദേശം തേടിയിരുന്നു. ശബരിമലയില്‍ യുവതീപ്രവേശനം വിലക്കാനാകില്ലെന്ന നിയമോപദേശം ലഭിച്ചതായാണ് സൂചന. ബോര്‍ഡ് ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. സര്‍വകക്ഷിയോഗത്തിനുശേഷം സര്‍ക്കാര്‍ നിലപാടിനനുസരിച്ച് പ്രവര്‍ത്തിക്കാനേ ബോര്‍ഡിന് കഴിയൂ.