യുവതീപ്രവേശം: സാവകാശം തേടി ബോർഡ് കോടതിയിലേക്ക്, തീരുമാനം വെള്ളിയാഴ്ച

തിരുവനന്തപുരം ∙ ശബരിമല യുവതീപ്രവേശ വിഷയത്തിൽ വിധി നടപ്പാക്കുന്നതിൽ സാവകാശം തേടി സുപ്രീംകോടതിയെ സമീപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തത്വത്തിൽ തീരുമാനിച്ചു.

അന്തിമ തീരുമാനം വെള്ളിയാഴ്ച കൈക്കൊള്ളുമെന്ന് ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ അറിയിച്ചു. ദേവസ്വം ബോർഡ് ഭക്തർക്കൊപ്പമാണെന്നും ഉത്തരവാദിത്തം നിറവേറ്റുമെന്നും പത്മകുമാർ വ്യക്തമാക്കി. സര്‍വകക്ഷി യോഗത്തിലെ കടുത്ത നിലപാടിന് പിന്നാലെയാണ് വിധി നടപ്പാക്കുന്നതിൽ ദേവസ്വംബോർഡിന് സാവകാശം തേടാമെന്ന നിലയിൽ മുൻനിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അയവ് വരുത്തിയത്. തീരുമാനമെടുക്കേണ്ടത് ദേവസ്വം ബോര്‍ഡാണെന്ന്  തന്ത്രിയും രാജകുടുംബവുമായുള്ള ചര്‍ച്ചയിലാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ നിര്‍ണായക നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് പിന്നാലെ യോഗം ചേർന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിക്കാൻ ധാരണയായത്.

മുഖ്യമന്ത്രി നിലപാട് അറിയിച്ചത് സ്ഥിരീകരിച്ച് രാജകുടുംബാംഗങ്ങള്‍ രംഗത്തെത്തി. ദേവസ്വംബോര്‍ഡാണ് സാവകാശം തേടേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞതായി പന്തളം കൊട്ടാരപ്രതിനിധി ശശികുമാരവര്‍മയാണ് മനോരമ ന്യൂസിനോട് സ്ഥിരീകരിച്ചത്. ബോര്‍ഡ് ബോധ്യപ്പെടുത്തിയാല്‍ കോടതി പരിഗണിച്ചേക്കുമെന്ന് നിയമോപദേശം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

രാവിലെ പ്രതീക്ഷയോടെയാണ് രാഷ്ട്രീയകക്ഷികളും മതസാമുദായിക സംഘടനകളും സര്‍വകക്ഷിയോഗത്തെ കണ്ടതെങ്കിലും പ്രശ്നപരിഹാരത്തിന് പുതിയതായി ഒരു നിര്‍ദേശവും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കാത്തത് രാഷ്ട്രീയനേതാക്കളെ ചൊടിപ്പിച്ചു. വിളിച്ചുവരുത്തി വഞ്ചിച്ചുവെന്ന നിലപാടോടെയാണ് നേതാക്കള്‍ പലരും യോഗസ്ഥലത്ത് നിന്ന് പോയത്. കോണ്‍ഗ്രസും ബിജെപിയും ഒരുപോലെയാണന്ന് സര്‍വകക്ഷിയോഗത്തിലൂടെ തെളിഞ്ഞെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പിന്നാലെ വിമര്‍ശനവും ഉന്നയിച്ചു.