മണ്ഡല മകരവിളക്ക് പൂജകൾക്കായി ശബരിമല നട തുറന്നു

മണ്ഡല മകരവിളക്ക് പൂജകൾക്കായി ശബരിമല നട തുറക്കുന്നു

പത്തനംതിട്ട∙ മണ്ഡല മകരവിളക്ക് പൂജകൾക്കായി ശബരിമല ക്ഷേത്രനട വൈകിട്ട് അഞ്ചിന് തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി എ.വി. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ക്ഷേത്രനട തുറന്നു ശ്രീകോവിലിൽ വിളക്ക് തെളിച്ചു. തുടർന്നു ക്ഷേത്രതന്ത്രി ഭക്തർക്കു പ്രസാദം നൽകി. ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറിവന്ന പുതിയ മേൽശാന്തിമാരായ എം.എൻ. വാസുദേവൻ നമ്പൂതിരിയെയും എം.എൻ. നാരായണൻ നമ്പൂതിരിയെയും ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ, ക്ഷേത്രം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എന്നിവർ ചേർന്നു സ്വീകരിച്ചു ക്ഷേത്രനടകളിലേക്കു കൊണ്ടുപോയി. 

രാത്രി ഏഴിനു പുതിയ മേൽശാന്തിമാരെ അവരോധിച്ച് അഭിഷേകവും നടത്തി. നട തുറന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും ഉണ്ടായിരുന്നില്ല. ശനിയാഴ്ച പുതിയ മേൽശാന്തിമാരായിരിക്കും പുലർച്ചെ നട തുറക്കുക. രാവിലെ മൂന്നിനു തുറക്കുന്ന ക്ഷേത്രനട ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കും. വൈകിട്ട് മൂന്നിനു തുറക്കുന്ന ക്ഷേത്രനട രാത്രി 11ന് ഹരിവരാസനം പാടിയാണ് അടക്കുന്നത്. നെയ്യഭിഷേകം, ഗണപതി ഹോമം, പതിവു പൂജകൾ എന്നിവയും നടക്കും.