വിമാനത്താവളത്തിൽ തൃപ്തിക്ക് എത്ര നേരം ചെലവഴിക്കാം? നിയമം ഇങ്ങനെ

തൃപ്തി ദേശായി കൊച്ചി വിമാനത്താവളത്തിൽ

തിരുവനന്തപുരം ∙ വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന ഒരാള്‍ക്ക് എത്രസമയം രാജ്യത്തെ വിമാനത്താവളത്തില്‍ ചെലവഴിക്കാം എന്നതിനെ സംബന്ധിച്ച് പ്രത്യേക നിയമം ഇല്ല. വിദേശത്തേക്കു പോകുന്ന യാത്രക്കാര്‍ക്ക് 3 മണിക്കൂറിനു മുന്‍പ് വിമാനത്താവളത്തിനുള്ളില്‍ പ്രവേശിക്കാം.

ആഭ്യന്തര വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കു 2 മണിക്കൂറിനു മുന്‍പും പ്രവേശിക്കാം. ഈ സമയം നീട്ടിനല്‍കണമെങ്കില്‍ സുരക്ഷാ ഏജന്‍സികളുടേയും വിമാനത്താവള ഡയറക്ടറുടേയും അനുമതി വേണം. വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് ഈ സമയപരിധി ഇല്ല. ഉടന്‍ പുറത്തിറങ്ങണമെന്ന നിര്‍ദേശമാണ് പൊതുവേ എല്ലാ വിമാനത്താവള അധികൃതരും നല്‍കുന്നത്. 

പ്രത്യേക നിയമമില്ലാത്തതിനാല്‍, ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തിലെ വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനോടോ യാത്രക്കാരിയോടോ ഇത്ര സമയം മാത്രമേ വിമാനത്താവളത്തില്‍ ചെലവഴിക്കാവൂ എന്നു നിര്‍ദേശിക്കാനാകില്ല. അവര്‍ കാരണമില്ലാതെ അധികനേരം തങ്ങുന്നതായും അതു സുരക്ഷാ പ്രശ്നമാണെന്നും കണ്ടാല്‍ വിമാനത്താവള അധികൃതര്‍ക്ക് പൊലീസിനെ വിളിക്കാം.

വിമാനത്താവളത്തില്‍ അതിക്രമം കാണിച്ചാലും സുരക്ഷാ ഏജന്‍സികളുടെ സഹായത്തോടെ പുറത്താക്കി നിയമ നടപടി സ്വീകരിക്കാം. എന്നാല്‍ തൃപ്തി ദേശായി പുറത്തിറങ്ങിയാല്‍ പ്രതിഷേധക്കാര്‍ തടയാനും അക്രമമുണ്ടാകാനും സാധ്യതയുള്ളതിനാല്‍ വിമാനത്താവള അധികൃതര്‍ക്ക് അവരെ പുറത്താക്കുന്നത് എളുപ്പമാകില്ല. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുന്നതായി സുരക്ഷാ ഏജന്‍സികളെ അറിയിക്കാം. എന്തു നടപടി സ്വീകരിക്കണമെന്നു സുരക്ഷാ ഏജന്‍സികളാണു തീരുമാനിക്കേണ്ടത്.