സംസ്ഥാന വ്യാപകമായി റോഡ് ഉപരോധിച്ച് ബിജെപി; മന്ത്രിക്കു നേരേ കരിങ്കൊടി

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബിജെപി ആലപ്പുഴ കളർകോട് ജംക്‌ഷനിൽ ദേശീയ പാത ഉപരോധിക്കുന്നു. ചിത്രം: അരുൺ ജോൺ.

കോട്ടയം ∙ ശബരിമലയിൽ പ്രവേശിക്കാനെത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുന്നു. എല്ലാ ജില്ലകളിലെയും പ്രധാന കേന്ദ്രങ്ങളില്‍ റോഡ് ഉപരോധവും പ്രതിഷേധ പ്രകടനങ്ങളും നടക്കുന്നുണ്ട്.

തിരുവനന്തപുരത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനു നേരെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. തിരുവനന്തപുരം കോർപറേഷൻ നടത്തുന്ന വികസന സെമിനാർ ഉദ്ഘാടനം ചെയ്യാൻ എത്തിയ മന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമമുണ്ടായി. കൗൺസിലർമാരുടെ നേതൃത്വത്തിൽ വേദിയിലേക്കു തള്ളിക്കയറാനും ശ്രമം നടന്നു. ഇവരെ പൊലീസ് നീക്കം ചെയ്തു. മുദ്രാവാക്യം വിളികളുമായി ബിജെപി കൗൺസിലർമാർ സെമിനാർ ഹാളിനു പുറത്ത് പ്രതിഷേധിച്ചു.

ബിജെപി പ്രവർത്തകർ മലപ്പുറം ജില്ലയിൽ കുറ്റിപ്പുറത്ത് ദേശീയപാത ഉപരോധിച്ചപ്പോൾ. ചിത്രം: സമീർ എ. ഹമീദ്

‌റോഡ് ഉപരോധത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ ഏഴിടത്ത് ഗതാഗതം തടഞ്ഞു. ഒരു മണിക്കൂർ നീണ്ട ഉപരോധത്തിൽ വീട്ടമ്മമാരടക്കം ഒട്ടേറെപ്പേർ പങ്കെടുത്തു. പൊൻകുന്നത്തും കോട്ടയത്തുമാണു കൂടുതൽ പേർ അണിനിരന്ന പ്രതിഷേധം നടന്നത്. ഇന്നു രാത്രി എട്ടിനു നാട്ടകം ഗെസ്റ്റ്ഹൗസിലെത്തുന്ന ഗവർണർ പി.സദാശിവത്തെ കണ്ട് നിലവിലെ വിഷയങ്ങൾ സംബന്ധിച്ചു ചർച്ച നടത്തുമെന്നു ശബരിമല കർമസമിതി  ഭാരവാഹികൾ അറിയിച്ചു. എരുമേലിയിൽ നാമജപ പ്രതിഷേധം തുടരുന്നു. 

ആലപ്പുഴ കളർകോട് ജംക്‌ഷനിലും ചേർത്തല എക്സ്റേ കവലയിലും ദേശീയപാതയിൽ വാഹനങ്ങൾ തടയുന്നുണ്ട്. രണ്ടിടത്തും വാഹനങ്ങൾ പൊലീസ് വഴിതിരിച്ചു വിടുന്നതിനാൽ വലിയ ഗതാഗതതടസ്സമില്ല. സമരം സമാധാനപരമാണ്. 

കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബിജെപി കൊച്ചി വൈറ്റിലയിൽ റോഡ് തടഞ്ഞപ്പോൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ.

കൊല്ലത്ത് നീണ്ടകര പാലത്തിൽ ബിജെപിയുടെ ഉപരോധസമരം മൂലം മുക്കാൽ മണിക്കൂറോളം കൊല്ലം– ആലപ്പുഴ റൂട്ടിൽ ഗതാഗതടസ്സമുണ്ടായി. 10.45 ന് ആരംഭിച്ച പ്രതിഷേധം 11.30ന് അവസാനിക്കുന്നതു വരെ വാഹനനീക്കം സ്തംഭിച്ചു. പൊലീസ് സ്ഥലത്തുണ്ടായിരുന്നു. ജില്ലയിൽ കൊട്ടാരക്കരയിലും കരുനാഗപ്പള്ളിയിലും ബിജെപിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധം നടന്നു.

പത്തനംതിട്ടയിൽ ബിജെപി ഇന്ന് സായാഹ്നധർണ നടത്തും. അയ്യപ്പദർശനത്തിനെത്തുന്നവരെ അകാരണമായി അറസ്റ്റ് ചെയ്യുന്നതിലും ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ സർക്കാർ കുറ്റകരമായ അനാസ്ഥ കാട്ടുന്നതിലും പ്രതിഷേധിച്ചാണിത്. വൈകിട്ട് നാല് മുതൽ ആറു വരെ പത്തനംതിട്ട കെഎസ്ആർടിസി സ്റ്റാൻഡിനു മുന്നിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയും ഒ.രാജഗോപാൽ എംഎൽഎയും ധർണയ്ക്കു നേതൃത്വം നൽകും.

കോഴിക്കോട് വടകരയില്‍ കെഎസ്ആര്‍ടിസി ബസിനു നേരെ ഒരു സംഘം കല്ലെറിഞ്ഞു. ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. എറണാകുളം വൈറ്റിലയിലും പാലക്കാട്ടും സ്ത്രീകളുൾപ്പെടെയുള്ള ബിജെപി പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ്. പാലക്കാട്ട് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കണ്ണൂര്‍ കാള്‍ടെക്സിലും ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുന്നുണ്ട്.