സിബിഐ കേസുകളൊതുക്കാന്‍ കേന്ദ്രമന്ത്രി കോടികൾ വാങ്ങി; വെളിപ്പെടുത്തൽ

കേന്ദ്രമന്ത്രി ഹരിഭായ് പാര്‍ഥിഭായ് ചൗധരി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍

ന്യൂഡല്‍ഹി∙ സിബിഐയിലെ തമ്മിലടിയും ആരോപണങ്ങളും കോടതിയുടെ പരിശോധനയിലിരിക്കെ കേന്ദ്രമന്ത്രിക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവിനുമെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സിബിഐ ഉദ്യോഗസ്ഥന്‍. സിബിഐയില്‍ കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ കേന്ദ്രമന്ത്രി ഹരിഭായ് പാര്‍ഥിഭായ് ചൗധരി കോടികള്‍ കോഴ വാങ്ങിയെന്നു വിവാദ വ്യവസായി സതീഷ് സന പറഞ്ഞിട്ടുണ്ടെന്ന് ഡിഐജി എം.കെ.സിന്‍ഹ സുപ്രീംകോടതിയെ അറിയിച്ചു.

സിബിഐ സ്‍പെഷല്‍ ഡയറക്ടര്‍ അസ്താനയ്‍ക്കു വേണ്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ‍ഡോവല്‍ ഇടപെട്ടെന്നും ഹര്‍ജിയില്‍ വെളിപ്പെടുത്തുന്നു. സിബിഐ സ്‍പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‍ക്കെതിരെ അന്വേഷണം നടത്തിയിരുന്ന സിന്‍ഹയെ നാഗ്പൂരിലേക്കു സ്ഥലംമാറ്റിയിരുന്നു. അതിനെതിരായ ഹര്‍ജിയിലാണു കേന്ദ്രമന്ത്രിയുടെ പേര് പരാമ‍ര്‍ശിച്ചിരിക്കുന്നത്.

അസ്താന ഉള്‍പ്പെട്ട കേസില്‍ അറസ്റ്റിലായ ഇടനിലക്കാരന്‍ മനോജ് പ്രസാദിന്റെ പിതാവ് ദിനേശ്വര്‍ പ്രസാദ് രഹസ്യാന്വേഷണ ഏജന്‍സിയായ റോയിലെ ഉദ്യോഗസ്ഥനായിരുന്നു. ദിനേശ്വറിന് അജിത് ഡോവലുമായി അടുത്തബന്ധമുണ്ടെന്നും ഹര്‍ജിയിലുണ്ട്. ഇതിനിടെ, കൈക്കൂലി അടക്കം ആരോപണങ്ങളുമായി ബന്ധപ്പെട്ട സിവിസി റിപ്പോര്‍ട്ടില്‍ സിബിഐ ഡയറക്ടര്‍ ആലോക് വര്‍മ സുപ്രീംകോടതിയില്‍ മറുപടി സമര്‍പ്പിച്ചു.